police
തൊഴിലാളികളെ പാർപ്പിച്ചിരുന്ന സ്ഥലത്ത് കട്ടപ്പന പൊലീസ് എത്തിയപ്പോൾ.

കട്ടപ്പന: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തമിഴ്‌നാട്ടിലെ റെഡ് സോണിൽ നിന്ന് കാഞ്ചിയാർ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിൽ തൊഴിലാളികളെ എത്തിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെട്ടിമറച്ച വാഹനത്തിൽ 12 സ്ത്രീ തൊഴിലാളികളെ കൊണ്ടുവന്ന് തോട്ടത്തിലെ ഒറ്റമുറിയിൽ താമസിപ്പിച്ചത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും പൊതുപ്രവർത്തകരും രംഗത്തെത്തി. കാഞ്ചിയാർ പഞ്ചായത്തിലെ സ്വർണവിലാസം, മേപ്പാറ ഉൾപ്പെടുന്ന മേഖലയിൽ കഴിഞ്ഞ ദിവസം ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിലെ 11, 12 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ വള്ളക്കടവ് സ്വദേശിയുടെ മേപ്പാറ ഒറ്റശാലയിലുള്ള ഏലത്തോട്ടത്തിലേക്കാണ് റെഡ് സോണായ ഗൂഡല്ലൂരിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നത്. യാതൊരു സൗകര്യവുമില്ലാത്ത മുറിക്കുള്ളിലാണ് ഇവരെ പാർപ്പിച്ചത്. വിവരമറിഞ്ഞ നാട്ടുകാരും പൊതു പ്രവർത്തകരും കട്ടപ്പന ഡിവൈ.എസ്.പിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി. തുടർന്ന് കട്ടപ്പന എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി തൊഴിലാളികളെ ശാസ്തനടയിലെ തൊഴിലാളി ക്യാമ്പിലേക്കു മാറ്റി. അതേസമയം സംഘത്തിലെ ഒരു സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തോട്ടമുടമയ്‌ക്കെതിരെ പകർച്ചവ്യാധി നിയമ ലംഘനത്തിനു കട്ടപ്പന പൊലീസ് കേസെടുത്തു.