കട്ടപ്പന: സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിക്കായി പാമ്പാടുംപാറയ്ക്ക് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന 250 അടിയോളം എംസാൻഡ് മോഷണം പോയി. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം നടന്നത്. നിർമാണസാമഗ്രികളുടെ ദൗർലഭ്യം മൂലം കോതമംഗലത്ത് നിന്നാണ് കുമളി​- മൂന്നാർ സംസ്ഥാനപാത വീതി കൂട്ടുന്നതിനായി വ്യാഴാഴ്ച എംസാൻഡ് എത്തിച്ചത്. മോഷണം വർദ്ധിച്ചതോടെ നിർമാണ സാമഗ്രികൾ എത്തിച്ച് സി.സി. ടി.വി. നിരീക്ഷണത്തിലാണ് സൂക്ഷിച്ചിരുന്നത്. നിർമാണ ജോലികൾ നടക്കുന്ന സമയത്താണ് ആവശ്യത്തിനുള്ളവ സ്ഥലത്തെത്തിക്കുന്നത്. വ്യാഴാഴ്ച എത്തിച്ച മണലാണ് മോഷണം പോയത്. കൂടാതെ ലോക് ഡൗൺ സമയത്ത് മണലും രണ്ട് വാട്ടർ ടാങ്കുകളും നഷ്ടപ്പെട്ടിരുന്നു. മോഷണം വർദ്ധിച്ചതോടെ കരാറുകാർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. കരാറുകാരൻ വണ്ടൻമേട് പൊലീസിൽ പരാതി നൽകി.