ഉറവിടമറിയാത്ത 13 പേർ
തൊടുപുഴ: ജില്ലയിൽ സ്ഥിതി സൂപ്പർസ്പെഡിലേക്ക് തന്നെയെന്ന സൂചന നൽകി ഇന്നലെ മാത്രം 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ഞെട്ടിക്കുന്നതാണ്. ഇതിൽ 13 പേരുടെ രോഗബാധയുടെ ഉറവിടമറിയില്ലെന്നതും ഭീതി വർദ്ധിപ്പിക്കുന്നു. ഇടുക്കി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് (51), സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ (51), സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നാല് ജീവനക്കാർ എന്നിവർ ഉറവിടമറിയാ രോഗികളിൽ ഉൾപ്പെടുന്നു. രാജാക്കാടിനൊപ്പം കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകളുലും സമ്പർക്കം കാരണമുള്ള രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രോഗബാധിതരായ ആട്ടോറിക്ഷാ തൊഴിലാളികൾക്കും കച്ചവടക്കാർക്കും വലിയ സമ്പർക്കമുണ്ടായിട്ടുണ്ട്. ശനിയാഴ്ച ആറ് പേർക്ക് രോഗമുക്തിയുണ്ട്.
രാജാക്കാട് സ്ഥിതി രൂക്ഷം
ആരോഗ്യ പ്രവർത്തകരടക്കം അഞ്ച് പേർക്കാണ് രാജാക്കാട്ടിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നത്. രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്റ് (34), സ്റ്റാഫ് നഴ്സ് (39), പി.ആർ.ഒ (40), ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ (42), മറ്റൊരു രാജാക്കാട് സ്വദേശി (26) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും രോഗ ഉറവിടമറിയില്ല. ഇവർക്കും സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും ആന്റിജിൻ ടെസ്റ്റാണ് നടത്തിയത്. ചികിത്സയ്ക്കായി പോയ വണ്ടിപ്പെരിയാർ സ്വദേശിക്ക് (65) തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും രോഗത്തിന്റെ ഉറവിടം അറിയില്ല.
നീറി കീരിത്തോട്
ഉറവിടമറിയാത്ത നാല് കേസുകളാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോടിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർ കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് (40, 41). ഒരു പച്ചക്കറി കച്ചവടക്കാരൻ(42), കറിപൗഡർ വിതരണക്കാരൻ (39) എന്നിവരാണ് മറ്റുള്ളവർ. കഞ്ഞിക്കുഴിയിൽ ഹയറിങ് സെന്റർ നടത്തുന്നയാളുടെ (42) രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായില്ല.
പടർന്ന് രോഗം
വ്യാഴാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കെ.എസ്.ഇ.ബി. മീറ്റർ റീഡറിൽ നിന്നും കരിമ്പനിലെ ഹോട്ടലുടമയിൽ നിന്നും രോഗബാധയുണ്ടായി. കെ.എസ്.ഇ.ബി മീറ്റർ റീഡറിന്റെ സമ്പർക്ക പട്ടികയിലുള്ള കഞ്ഞിക്കുഴി സ്വദേശിനിക്കാണ് (36) രോഗം സ്ഥിരീകരിച്ചത്. ഹോട്ടലുടമയുടെ കുടുംബത്തിലെ മൂന്നും ആറും ഒമ്പതും വയസുള്ള പെൺകുട്ടികൾക്കും അമ്പത്തഞ്ചും ഇരുപത്തൊമ്പതും വയസുള്ള സ്ത്രീകൾക്കും രോഗം പകർന്നു.
ഹോട്ടലിലെ ഒരു ജീവനക്കാരന്റെയും (54) രോഗമില്ലാത്ത ജീവനക്കാരിയുമായി സമ്പർക്കം പുലർത്തിയ ചെറുതോണി(49) സ്വദേശിനിയുടേയും പരിശോധനാ ഫലവും പോസിറ്റീവായി.
വിദേശത്ത് നിന്ന്
ജൂൺ 30ന് ദുബയിൽ നിന്ന് വന്ന കൊക്കയാർ സ്വദേശി(24)
ജൂലായ് അഞ്ചിന് ദുബയിൽ നിന്ന് വന്ന ഇരട്ടയാർ സ്വദേശി (36), ഷാർജയിൽ നിന്ന് വന്ന രാജാക്കാട് സ്വദേശിനി (42)
ജൂലായ് ആറിന് ദോഹയിൽ നിന്ന് വന്ന അയ്യപ്പൻകോവിൽ സ്വദേശി (38)
ജൂലായ് ഏഴിന് ദുബയിൽ വന്ന കരുണാപുരം സ്വദേശി (38)
മറ്റ് സംസ്ഥാനങ്ങളിൽ
നിന്ന് വന്നവർ
ജൂലായ് അഞ്ചിന് മധുരയിൽ നിന്ന് ചിന്നക്കനാലിൽ വന്ന ദമ്പതിമാർ (56, 44)
രോഗമുക്തർ
ജൂൺ 21ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിനികൾ (31, 57).
ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശി (32), ബൈസൺവാലി സ്വദേശി (29).
ജൂലായ് നാലിന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിനി (28) , അടിമാലി സ്വദേശി (32)