മുള്ളരിങ്ങാട്: മുള്ളരിങ്ങാട് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കർശന നിയന്ത്രണം. വണ്ണപ്പുറം പഞ്ചായത്തിലെ 1, 17 വാർഡുകളായ മുള്ളരിങ്ങാട്, വലിയകണ്ടം മേഖല കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ കർശന ലോക്‌ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. കടകൾ തുറക്കുന്നതും ജനങ്ങൾ പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. മുള്ളരിങ്ങാട് കൊവിഡ് സ്ഥിരീകരിച്ച് വ്യക്തിയുടെ സമ്പർക്ക് ലിസ്റ്റിൽ ഒട്ടേറെപേർ ഉള്ളതായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. തിങ്കളാഴ്ച വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പനിക്ക് മരുന്ന് വാങ്ങാൻ എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴി‌ഞ്ഞ 10ന് മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറിയ സമയത്ത് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. പള്ളി കൈമാറ്റ സമയത്ത് നാട്ടുകാർക്കൊപ്പം കൊവിഡ് ബാധിതനായ ഇയാളും ഉണ്ടായിരുന്നു. മുള്ളരിങ്ങാട് യാക്കോബായ വിഭാഗം പുതിയതായി നിർമ്മിച്ച പള്ളി പണിക്കും രോഗം സ്ഥീരീകരിച്ചയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.