snanam

ഇന്ന് ദർശനവും പിതൃനമസ്‌കാരവും മാത്രം

കട്ടപ്പന: ക്ഷേത്രങ്ങളിൽ ബലിപ്പുരകളില്ല, മുന്നൊരുക്കങ്ങളുമില്ല, കർക്കിടക വാവ് ദിനത്തിൽ പിതൃമോക്ഷ പുണ്യം തേടിയുള്ള ബലി തർപ്പണച്ചടങ്ങുകൾ ഒന്നുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മുഴുവൻ ക്ഷേത്രങ്ങളിലും ബലി തർപ്പണവും ചടങ്ങളും ഒഴിവാക്കിയതോടെ സ്നാനഘട്ടങ്ങൾ ശോകമൂകമായി . ഹൈറേഞ്ചിലെ പുരാതന അയ്യപ്പൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം, ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമടക്കം പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പതിവുപൂജകൾ മാത്രം.അയ്യപ്പൻകോവിൽ ക്ഷേത്ര പരിസരത്ത് ബലിതർപ്പണം നടത്തി ഇടുക്കി ജലാശയത്തിൽ സ്‌നാനം ചെയ്യാൻ ആയിരങ്ങളാണ് മുൻ വർഷങ്ങളിൽ ഇവിടെ എത്തിയിരുന്നത്. ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ പിതൃബലി തർപ്പണം നടത്തുന്നത് കർക്കിടക വാവിനാണ്. കഴിഞ്ഞവർഷം സംസ്ഥാന വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ പതിനായിരത്തിലധികം പേർ ഇവിടെ എത്തിയിരുന്നു. പുലർച്ചെ അഞ്ചോടെ ആരംഭിച്ചിരുന്ന തർപ്പണ ചടങ്ങുകൾ ഉച്ചകഴിഞ്ഞാണ് അവസാനിച്ചിരുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേർക്ക് പിതൃബലി തർപ്പണത്തിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. കുടുംബസമേതം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ പൂർത്തീകരിച്ച് അന്നദാനത്തിലും പങ്കെടുത്താണ് വിശ്വാസികൾ മടങ്ങിയിരുന്നത്.
ഇന്ന് രാവിലെ മുതൽ പിതൃമോക്ഷ പ്രാപ്തിക്കായി ക്ഷേത്രത്തിൽ പിതൃനമസ്‌കാരവും തിലകഹവനവും നടക്കും. ടോക്കൺ അനുസരിച്ച് പത്തുപേർക്ക് വീതം ഒരേസമയം ദർശനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ക്ഷേത്രം വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. വള്ളത്തിലും ചങ്ങാടത്തിലുമായാണ് മേൽശാന്തിയും ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നത്. തുടർന്ന് അന്നത്തെ കർക്കിടക വാവ് ദിനത്തിൽ തീരത്തെ പുൽമേട്ടിലാണ് ബലി തർപ്പണ ചടങ്ങുകൾ നടത്തിയിരുന്നത്. കഴിഞ്ഞവർഷവും ക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു.