തൊടുപുഴ: സിവിൽ സ്റ്റേഷന്റെ മുകൾ ഭാഗത്ത് അപകടകരമായ രീതിയിൽ എപ്പോൾ വേണമെങ്കിലും നിലത്തേക്ക് വീഴുന്ന രീതിയിൽ നിലനിന്നിരുന്ന റൂഫിങ്ങ് ഷീറ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചു. റൂഫിങ്ങ് അപകടവസ്ഥയിലിരിക്കുന്നത് സംബന്ധിച്ച് " കേരള കൗമുദി " കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതരുടെ അടിയന്തിര ഇടപെടൽ. തൊടുപുഴ തഹസീൽദാറുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വിഭാഗമാണ് പണികൾ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്കകം പണികൾ പൂർത്തിയാവും എന്ന് അധികൃതർ "കേരള കൗമുദിയോട് " പറഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ പുതിയ ബ്ലോക്ക് മന്ദിരത്തിന് ഏറ്റവും മുകളിലായിട്ടാണ് അപകടം പതിയിരിക്കുന്ന രീതിയിൽ ഷീറ്റുകളുള്ളത്. കാറ്റടിച്ചാൽ ഏത് നിമിഷവും ഉയരത്തിലുള്ള കെട്ടിടത്തിൽ നിന്ന് ഇളകിയ ഷീറ്റുകൾ താഴേക്ക് പതിക്കുന്ന സ്ഥിതിയായിരുന്നു. ഒരു മാസത്തോളമായി ഈ അവസ്ഥയാണ് നിലനിന്നിരുന്നത്. ഷീറ്റുകൾ റൂഫിൽ നിന്ന് ഇളകി മാറിയാണ് നിന്നിരുന്നതും. വിവിധ ആവശ്യങ്ങൾക്ക് ദിവസവും സിവിൽ സ്റ്റേഷനിലെത്തുന്ന അനേകം ആളുകൾക്കും വിവിധ വകുപ്പുകളിലായി ഇവിടെ ജോലി ചെയ്യുന്ന നൂറിൽപ്പരം ജീവനക്കാരേയും ഭീതിയിലാക്കുന്ന അവസ്ഥയിലായിരുന്നു ഷീറ്റുകൾ നിലനിന്നതും. ശക്തമായി കാറ്റടിക്കുമ്പോൾ ശബ്ദത്തോടെ ഷീറ്റുകൾ ഇളകിയിരുന്നു.വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ എത്തുന്ന ആളുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിരുന്നതും ഷീറ്റിന് നേരെ താഴെയാണ്. ഏറ്റവും മുകൾ നിലയിൽ നിന്ന് ഷീറ്റുകൾ ഇളകി വീണാൽ തിരക്കുള്ള സിവിൽ സ്റ്റേഷൻ മുറ്റത്തേക്കോ സമീപത്തെ തിരക്കേറിയ റോഡിലേക്കോ ആയിരുന്നു പതിയുക. നഗരത്തിലെ ഏറെ തിരക്കുള്ള ബസ് സ്റ്റോപ്പ് സിവിൽ സ്റ്റേഷന് മുന്നിലാണ്. മുവാറ്റുപുഴ, അടിമാലി മേഖലയിലേക്ക് പോകാൻ നിരവധി പേരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. എതിർവശത്തെ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡും തിരക്കുള്ളതാണ്. എവിടെ വീണാലും ദുരന്തം ചെറുതാകില്ല. നിരവധി ഷീറ്റുകൾ റൂഫുമായിട്ടുള്ള ബന്ധം ഭാഗികമായി വേർപെട്ടിരുന്നു. മൂന്ന് മാസം മുമ്പ് ശക്തമായ കാറ്റിൽ സിവിൽ സ്റ്റേഷന് സമീപം നിന്ന വലിയ മരം വീണ് മറിഞ്ഞു ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട് പറ്റിയിരുന്നു. അപകടാവസ്ഥയിലായ ഷീറ്റ് മാറ്റിയ ആശ്വസത്തിലാണ് മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ.