ചെറുതോണി: മദ്യം ചില്ലറ വിൽപ്പന നടത്തിവന്ന മദ്ധ്യവയസ്‌കന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളിൽ നിന്നും മദ്യം വാങ്ങി വന്നരും പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരും ആശങ്കയിലായി. മുട്ടത്തെ കൊവിഡ് കെയർ സെന്റെറിൽ റിമാന്റിൽ കഴിയവെയാണ് സ്രവ പരിശോധനയെ തുടർന്ന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മണിയാറൻകുടി സ്വദേശിയായ ചില്ലറ വിൽപ്പനക്കാരനായ ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച്ച ഓട്ടോറിക്ഷയിൽ മദ്യം കടത്തുന്നതിനിടയിൽ ഇടുക്കി എസ് ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്.. നിരവധി മദ്യപൻമാർ ഇയാളിൽ നിന്നും അടുത്ത ദിവസങ്ങളിൽ രഹസ്യമായി മദ്യം വാങ്ങിയിട്ടുണ്ടെന്നതും അവരുടെ ലിസ്റ്റെടുക്കുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടും ആരോഗ്യ വകുപ്പിനെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.ഇതോടൊപ്പം ഇയാളെ അറസ്റ്റ് ചെയ്യുകയും, മഹസ്സർ തയ്യാറാക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഇടുക്കി പൊലീസ് സ്‌റ്റേഷനിലെ പത്ത് പൊലീസുകാരും എസ് ഐയും ഇന്നലെ ക്വാറന്റെയ്‌നിൽ പോയിട്ടുണ്ട്.

ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയിൽ ഒരു സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോളനി വാസികളും ഭീതിയിലാണ്. ഈ സ്ത്രീ കഴിഞ്ഞ ദിവസം കുടുംബശ്രീ മീറ്റിംഗിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്ക് കാരണമായിരിക്കുന്നത് . കൂടാതെ ചെറുതോണിയിലെ ഓട്ടോ ടാക്‌സി വിളിച്ച് സഞ്ചരിച്ചിരുന്നു.. ഇയാളുടെ വണ്ടിയിൽ തുടർന്നുള്ള ദിവസങ്ങളിൽ ആരൊക്കെ സഞ്ചരിച്ചു എന്നുള്ളതും വ്യക്തമല്ല.
കനത്ത കൊവിഡ് വ്യാപന ഭീതിയിൽ ജില്ലാ ആസ്ഥാനവും, സമീപ പ്രദേശങ്ങളും നിരക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി പഞ്ചായത്ത് മുഴുവൻ അടച്ചിടണമെന്ന ആവശ്യം ശക്തമാണ്.