pana

നെടുങ്കണ്ടം: ചുട്ടുപൊള്ളുന്ന ചൂടിൽ വളരുന്ന ഈന്തപ്പന ഇതാ ഇവിടെ മഞ്ഞിൽവളരുന്ന ഏലത്തിനൊപ്പം നിറയെ കായ്കളുമായി തല ഉയർത്തി നിൽക്കുന്നു. അറേബ്യൻനാട്ടിൽ മാത്രം വിളയുന്ന ഈന്തപ്പന ഹൈറേഞ്ചിലും വളരുന്നത് അത്യപൂർവമാണ്. നെടുങ്കണ്ടം മാപ്പിളശ്ശേരി മാത്യു തോമസിന്റെ ഏലത്തോട്ടത്തിന് നടുവിലെ വീട്ടുമുറ്റത്താണ് ഈ അപൂർവ്വ കാഴ്ച. വീടിന് മുമ്പിൽ പത്തടിയോളം ഉയരത്തിൽ നിൽക്കുന്ന ആൺ പെൺ പനകൾ. ഇതിലൊന്നിൽ പനം പട്ടകൾക്കൊപ്പം മഞ്ഞയും കാവിയും കറുപ്പും നിറങ്ങളിൽ പച്ചയും പഴുത്തതും പാകമാവാറായതുമായ ഈന്തപ്പഴ കുലകൾ കാണാം. രാജസ്ഥാനിൽ നിന്നും മാത്യു വീട്ടുമുറ്റത്തെ ചെടിത്തോട്ടത്തിൽ നടുവാനായി പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ് തൈകൾ വാങ്ങിയത്. പ്രത്യേകിച്ച് വളപ്രയോഗമോ പരിചരണമോ കിട്ടാതെ വളർന്ന ചെടികൾ കഴിഞ്ഞ മഹാപ്രളയങ്ങളെ അതിജീവിച്ചാണ് ആദ്യമായി കായ്ച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ് ഇത്തരത്തിൽ ഈന്തപനകൾ കായ്ക്കാൻ കാരണമെന്ന് കരുതുന്നവരുമുണ്ട്. കോടമഞ്ഞിലും തണുപ്പിലും വിളഞ്ഞ് പഴുത്ത് കിടക്കുന്ന ഈത്തപ്പഴ കുലകൾ കാണാൻ നിരവധിയാളുകളാണ് ഇവിടേയ്‌ക്കെത്തുന്നത്.