മൂന്നാർ: ക്വാറന്റൈൻ ലംഘിച്ച ടാറ്റാ ടീ ആശുപത്രിയിലെ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ ഉൾപ്പെടെ നാലു പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ടാറ്റാ ടീ ആശുപത്രി അടിച്ചിട്ടു. ക്വാറന്റൈൻ ലംഘിച്ച ഡോക്ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർക്കും രണ്ട് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒൻപതിന് തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണിൽ പോയി മടങ്ങിയെത്തിയ ഡോക്ടർ വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാതെ ആശുപത്രിയിൽ ജോലിക്കെത്തുകയും പുറത്തിറങ്ങി നടക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മൂന്നാർ പൊലീസ് കേസെടുത്തത്. ടാറ്റാ ടീ ആശുപത്രി അടിച്ചതോടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കും അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്കും മാറ്റും. മൂന്നാർ ടൗൺ പൂർണമായും കണ്ടെയിൻമെന്റ് സോണാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടാറ്റാ ടീ ആശുപത്രി സന്ദർശിച്ചുള്ളവർ വീട്ടിൽ തന്നെ തുടരണമെന്നും മറ്റുവള്ളവരുമായി യാതൊരു സമ്പർക്കത്തിനും ശ്രമിക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.