ഇന്ന് ഇടുക്കിയിൽ യെല്ലോ അലർട്ട്
ഇടുക്കി: ജില്ലയിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. ഒരാഴ്ചയായി ലോറേഞ്ചിലും ഹൈറേഞ്ചിലും കനത്ത മഴയാണ് ലഭിക്കുന്നത്. പീരുമേടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇന്നലെ മാത്രം 54 മില്ലമീറ്റർ മഴയാണ് മേഖലയിൽ പെയ്തത്. വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടുകളുടെ ജലനിരപ്പും ഉയർന്ന് തുടങ്ങി. ഞായറാഴ്ച 2331.98 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2332.24 ൽ എത്തി. സമുദ്രനിരപ്പിൽ നിന്നുള്ള കണക്കാണിത്. 113.40 അടിയായിരുന്ന മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് 113.55ആയി ഉയർന്നു. മാട്ടുപ്പെട്ടി കുണ്ടള പോലുള്ള ചെറിയ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. കുണ്ടളയിൽ ഒരാഴ്ചയ്ക്കിടെ അഞ്ചടിയിലേറെ വെള്ളം കൂടി. വേണ്ട രീതിയിൽ മഴ ലഭിച്ചിക്കാത്തതിനാൽ മാട്ടുപെട്ടി കുണ്ടള അണക്കെട്ട് കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ പൂർണമായി വറ്റി വരണ്ടിരുന്നു.
വരുംദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 23, 24 തിയതികളിലും ജില്ലയിൽ യെല്ലോ അലേർട്ടുണ്ട്. കുമളി, തേക്കടി മേഖലയിൽ മഴ കനക്കും. ഇതുവരെ കാലവർഷവുമായി ബന്ധപ്പെട്ട് ജില്ലയിലൊരിടത്തും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
മഴ പൊതുവെ കുറവ്
മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ മഴ കൂടുതലായി ലഭിക്കുന്നുണ്ട്. എന്നാൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ കുറവാണിത്. ഈ മാസം ഇതുവരെ 328.4 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 579.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്.
മൂന്നാർ വെള്ളപ്പൊക്ക ഭീതിയിൽ
മഴക്കാലം ശക്തമായിട്ടും മൂന്നാർ മുതിരപ്പുഴയിലേയും കൈവഴിയിലേയും അടിഞ്ഞ് കൂടിയ മണ്ണും കല്ലും നീക്കം ചെയ്യാത്തതിനാൽ വെള്ളപ്പൊക്ക ഭീതിയിലാണ് പ്രദേശവാസികൾ. പ്രളയകാലത്ത് ഇടിഞ്ഞ് വീണതും ശക്തമായ ഒഴുക്കിൽ അടിഞ്ഞ് കൂടിയതുമായ മണ്ണും ചെളിയും കല്ലുകളും നീക്കം ചെയ്യാത്തതിനാൽ ചെറിയ മഴയിൽ പോലും പുഴയും തോടുകളും കരകവിയുന്ന അവസ്ഥയാണ്. കഴിഞ്ഞ പ്രളയകാലത്തും മുതിരപ്പുഴ കരകവിഞ്ഞ് പഴയ മൂന്നാർ വെള്ളത്തിനടിയിലായിരുന്നു. ഇത്തവണയും സമാനമായ സാഹചര്യമാണ് ഇവിടെയുള്ളത്.