തൊടുപുഴ: മുട്ടത്ത് കാക്കൊമ്പിൽ പ്രവർത്തന സജ്ജമാക്കുന്ന ക്ലീൻ കേരള കമ്പനിയുടെ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും എതിർപ്പുണ്ടായതിനാൽ പ്രശ്നം സംബന്ധിച്ച് ഇന്ന് ചേരുന്ന ജില്ലാ പഞ്ചായത്ത്‌ കമ്മറ്റിയിൽ ചർച്ച ചെയ്യും. ഏതാനും വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത്‌ എസ് ടി ഫണ്ട് ഉപയോഗിച്ച് കാക്കൊമ്പിൽ നിർമ്മിച്ച കെട്ടിടത്തിൽ പദ്ധതികൾ ഒന്നും ആരംഭിക്കാതെ കെട്ടിടം അടഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഈ കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിക്കാൻ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതി ക്ലീൻ കേരള കമ്പനിക്ക് അനുമതി നൽകിയത്. 10,000 രൂപ വാടകക്കാണ് ജില്ലാ പഞ്ചായത്ത് കെട്ടിടം വിട്ട് നൽകിയത്. എന്നാൽ ഗോഡൗൺ പ്രവർത്തനം ആരംഭിച്ചാൽ സമീപത്തുള്ള പരപ്പാൻ തോടിനും മറ്റ് കുടിവെള്ള സ്രോതസുകൾക്കും പ്രദേശ വാസികൾക്കും ഏറെ പ്രശ്നമാകും എന്നതിനാലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.