കട്ടപ്പന: പ്രതിദിനച്ചെലവ് വർദ്ധിച്ചതോടെ കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലെന്ന് കട്ടപ്പന നഗരസഭ. ഒരുദിവസം 20,000ലധികം രൂപയാണ് ചെലവാകുന്നത്. പ്രവർത്തനമാരംഭിച്ച് നാലുദിവസത്തിനുള്ളിൽ കേന്ദ്രത്തിലെ കിടക്കകൾ നിറഞ്ഞു. നിലവിൽ 54 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 75 പേർക്കുവരെ ചികിത്സ നൽകുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. നടത്തിപ്പുചുമതല കട്ടപ്പന നഗരസഭയ്ക്കാണെങ്കിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, രാജാക്കാട് തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള രോഗബാധിതരെയാണ് ഇവിടെ കൂടുതലായി പ്രവേശിപ്പിച്ചിരിക്കുന്നത്. 15നാണ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ കീഴിലുള്ള ഫോർത്തൂനാത്തൂസ് മാനസികാരോഗ്യ കേന്ദ്രത്തിൽ ഫസ്റ്റ് ലൈൻ ചികിത്സ ആരംഭിച്ചത്.
ഭക്ഷണം ഉൾപ്പെടെ രോഗികൾക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും നഗരസഭയാണ് ലഭ്യമാക്കുന്നത്. എന്നാൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിദിനച്ചെലവ് താങ്ങാനാകുന്നില്ലെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു. ഒരുരോഗിക്ക് പ്രതിദിനം 250 രൂപയോളം ഭക്ഷണത്തിനു മാത്രം ചെലവാകുന്നു. ജീവനക്കാരുടെ ചെലവ് ഉൾപ്പെടെ ഒരുദിവസം 20,000ലധികം രൂപയാണ് ചെലവഴിക്കേണ്ടിവരുന്നത്. ചികിത്സ കേന്ദ്രത്തിന്റെ നടത്തിപ്പുചുമതല ഒറ്റയ്ക്ക് നിർവഹിക്കാൻ കഴിയില്ലെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു പഞ്ചായത്തുകളുടെ സഹകരണം കൂടി ഉറപ്പാക്കണമെന്നാണ് ആവശ്യം. രോഗബാധിതർ താമസിക്കുന്ന പഞ്ചായത്തുകളും നടത്തിപ്പിൽ സഹകരിക്കണം. നഗരസഭയ്ക്ക് പുറമേ ഹൈറേഞ്ചിലെ പത്തിലധികം പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിക്കുന്നവർക്കും ഇവിടെ ചികിത്സ നൽകുന്നുണ്ട്.

ഫണ്ട് ലഭ്യമാക്കും: കലക്ടർ

കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ചെലവായ തുകയുടെ രേഖകൾ ഹാജരാക്കിയാൽ തുക നൽകുമെന്നും അദ്ദേഹം പറഞ്ഞു.