തൊടുപുഴ :കൊവിഡ് 19 ചികിത്സയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അലോപ്പതിയിൽ കോവിഡിന് കൃത്യമായ പ്രതിരോധമോ ചികിത്സയോ ഇല്ലാതിരുന്നിട്ടും കേരളത്തിൽ ആയുർവേദത്തെ അകറ്റി നിർത്തി അലോപ്പതിയിലൂടെയാണ്കൊവിഡ് ചികിത്സ നടന്നു വരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ആയുർവേദം ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. കേരളത്തിലെ ആയുർവേദ ഡോക്ടർമാർ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള രോഗികളിൽ ആയുർവേദ ചികിൽസ വിജയകരമായി പ്രയോഗിച്ചു വരുന്നതായും ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.ക്വാറൻന്റയിനിലുള്ളവർക്ക് പ്രതിരോധ മരുന്നുകൾ നല്കുന്ന 'അമൃതം' സർക്കാർ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് ആയുർവേദ മരുന്നുകൾ നൽകിയപ്പോൾ കേവലം 371 പേർക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവ് പ്രകടമായതെന്നും ഇവർക്കാക്കട്ട ഗുരുതര ലക്ഷണങ്ങൾ പ്രകടമാകാതെ വേഗം സുഖം പ്രാപിച്ചു. സമൂഹ വ്യാപനം പ്രകടമാകുമ്പോൾ നിലവിലെ സംവിധാനത്തിന് കൈകാര്യം ചെയ്യുന്നതിലുമധികം രോഗികൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളിൽ പ്രാഥമിക തലത്തിൽ ആയുർവേദം ഉപയോഗപ്പെടുത്തുകയാണെങ്കിൽ ആശുപത്രിവാസം കുറച്ചുകൊണ്ട് രോഗം. വേഗം നെഗറ്റീവ് ആകാൻ ഇടയാക്കും.ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ ഇരുന്ന് ചികിത്സിക്കാൻ അനുവദിക്കുന്നതാണ് ഇപ്പോൾ ഉചിതമെന്നും ഭാരവാഹികൾ പറഞ്ഞു.. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന അസോസിയേഷൻ എറണാകുളം സോൺ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി ഡോ.എം.എസ്.നൗഷാദ്, ട്രഷറർ ഡോ: ജോയ്‌സ് കെ ജോർജ്ജ്, ആപ്ത മാനേജിംഗ് എഡിറ്റർ ഡോ: രാജശേഖരൻ ,ഡോ: ബി.രാജേഷ്, ഡോ: സീനിയ അനുരാഗ്, ഡോ: സൈനുൽ ആബ്ദീൻ,ഡോ: അഖിൽ, ഡോ:അനീഷ്, ഡോ: ടിന്റു, ഡോ: ശ്രീജിത് ശിവൻ എന്നിവർ പ്രസംഗിച്ചു.