 ഒരു രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

തൊടുപുഴ: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ജനം ഭീതിയിൽ. ഇന്നലെ വരെ നാലു വാർഡുകളിലായി 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പഴം വിതരണക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ളവർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പനി ബാധിച്ച് വണ്ണപ്പുറം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലാ ഭരണകൂടം ഇയാളുടെ സഞ്ചാര പഥം പുറത്തു വിട്ടിരുന്നു. കഴിഞ്ഞ എട്ടു മുതൽ കൊവിഡ് സ്ഥിരീകരിച്ച 17 വരെയുള്ള ദിവസങ്ങളിലെ സഞ്ചാരപഥമാണ് പുറത്തു വിട്ടത്. എറണാകുളം മാർക്കറ്റ് മുതൽ പല ദിവസങ്ങളിലായി വിവിധ സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയിരുന്നു. മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി കോടതി ഉത്തരവിനെ തുടർന്ന് ഓർഡോക്സ് വിഭാഗത്തിന് കൈമാറിയ കഴിഞ്ഞ ഒൻപതിന് രാവിലെ 9.30ന് ഇവിടെയുമെത്തി. ഈ സമയം നൂറ്റമ്പതോളം ആളുകളാണ് പള്ളിയ്ക്കു സമീപം ഉണ്ടായിരുന്നത്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പത്തിന് ഉച്ചയ്ക്ക് പള്ളികെട്ടിടത്തിന്റെ നിർമാണത്തിലും പങ്കെടുത്തു. ഇതിനിടെ ബാർബർ ഷോപ്പിലും ബന്ധുവീടുകളിലും സുഹൃത്തുക്കളെയും സന്ദർശിച്ചിരുന്നു.

അടച്ചിടണമെന്ന് ആവശ്യം

രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തതോടെ വണ്ണപ്പുറം പഞ്ചായത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ കക്ഷി യോഗം ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തു. നിലവിൽ ഒന്ന്, രണ്ട്, നാല്, 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴും നിസാരമട്ട്
രോഗ വ്യാപനം കൂടുതലായുള്ള മേഖലകളിൽ നിന്ന് ആളുകൾ വ്യാപകമായി വണ്ണപ്പുറം ടൗണിലെത്തുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും എത്തുന്ന സാഹചര്യവും നില നിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായാണ് പഞ്ചായത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് സർവ കക്ഷി യോഗം ശുപാർശ ചെയ്തത്.