തൊടുപുഴ : ഇന്റർവ്യൂകളിൽ ഇനി ആത്മവിശ്വാസത്തോടെ പങ്കെടുക്കാം. മുട്ടിടിക്കില്ല ചങ്കുപിടയ്ക്കില്ല . ഒഴുക്കോടെ ഇംഗ്ളീഷ് പറഞ്ഞ് ജോലിയുമായി മടങ്ങാം. വൻകിട ട്രെയിനിംഗ് സെന്ററുകളുടെ പരസ്യമല്ല. സർക്കാരിന്റെ റീ ബിൽ‌‌ഡ് കേരളാ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ കണക്ട് റ്റു വർക്ക് എന്ന പദ്ധതിയിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നത്. ഇംഗ്ളീഷ് ഭാഷ സംസാര പ്രാവിണ്യം,​ നല്ല ആശയ വിനിമയം,​ ടൈം മാനേജ്മെന്റ്,​ ഡിസിഷൻ മെക്കിംഗ് ,​ ഇന്റർവ്യൂ ഫെയ്‌സിംഗ് ടെക്നിക് തുടങ്ങി യ സോഫ്‌റ്റ് സ്കിൽ ഡെവലപ്മെന്റിൽ മൂന്ന് മാസത്തെ സൗജന്യ കോഴ്സിൽ പരിശീലനം നൽകുന്നു. അസാപ്പിന്റെ നേതൃത്വത്തിലാണ് പരിശീലനം. കുടുംബശ്രീ സംഘടനാ സംവിധാനംവഴി അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുക,​ അവർക്ക് വേതന തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക,​ തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക,​ വ്യക്തിപരമായ ജീവിത നൈപുണികൾ വികസിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഒരു ബ്ളോക്കിൽ ഒരു സെന്ററിൽ പരിശീലനം നൽകും. പ്രായപരിധി 35 വയസ്. ഐ.ടി.ഐ,​ ഡിപ്ളോമ,​ ബിരുദം,​ ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബി.പി.എൽ കുടുംബാംഗങ്ങൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരുടെ കുടുംബത്തിൽ ആരെങ്കിൽ കുടുംബശ്രീയിൽ അംഗമായിരിക്കണം. അപേക്ഷകർ ഇളംദേശം ബ്ളോക്കിലെ കോടിക്കുളം,​ വണ്ണപ്പുറം,​ കരിമണ്ണൂർ,​ ആലക്കോട്,​ ഉടുമ്പന്നൂർ,​ കുടയത്തൂർ,​ വെള്ളിയാമറ്റം എന്നി പഞ്ചായത്തിലെ സ്ഥിരതാമസക്കാർ ആയിരിക്കണം. അപേക്ഷാ ഫോറം അതാത് പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ ലഭിക്കും.