കുമളി: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. ചക്കുപള്ളം പഞ്ചായത്തിൽ ചിറ്റാരംപാറ സ്വദേശി തങ്കയ്യയാണ് (60) മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള ഇയാൾ തമിഴ്നാട്ടിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി വീട്ടിൽ നീരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ രാവിലെ എട്ടോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ആരോഗ്യ പ്രവർത്തകർ എത്തി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയിൽ എത്തിയതിനു പിന്നാലെ ഉച്ചയോടെ മരിക്കുകയായിരുന്നു. എന്നാൽ മരണ കാരണം കൊവിഡാണോയെന്നത് അന്തിമ പരിശോധനാ ഫലം വന്നശേഷം മാത്രമേ വ്യക്തമാകൂ. ഹൃദ്രോഗി ആയിരുന്നതിനാൽ തന്നെ വീണ്ടും പരിശോധന നടത്തിയ ശേഷം മാത്രമേ കൊവിഡ് മരണമാണെന്ന് ഉറപ്പിക്കാനാകൂ എന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഭാര്യക്കും മരുമകൾക്കുമൊപ്പമാണ് ഇയാൾ തമിഴ്നാട്ടിൽ നിന്ന് ഈ മാസം എട്ടിന് ചിറ്റാരംപാറയിലെത്തിയത്. തമിഴ്നാട്ടിലെ ചികിത്സകൾക്ക് ശേഷം ലോവർ ക്യാമ്പിലെ ബന്ധുവീട്ടിൽ ഒരാഴ്ച താമസിച്ച ശേഷമാണ് ഇടുക്കിയിലെത്തിയത്. തങ്കയ്യയും ഭാര്യയും ഒരു വീട്ടിലും ഗർഭിണിയായ മരുമകൾ മറ്റൊരു വീട്ടിലുമാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇവരുമായി സമ്പർക്ക സാധ്യതയുള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. തങ്കയ്യയുടെ മരുമകൾക്കും കൊവിഡ് പോസിറ്റീവാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.