തൊടുപുഴ: കടം വാങ്ങിയ പണം പലിശയടക്കം തിരിച്ചു നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ നാലു പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. മുതലക്കോടം കുഴിപ്പള്ളിൽ മേരി ബേബി, ഒളമറ്റം സ്വദേശി രാധാകൃഷ്ണൻ, വെങ്ങല്ലൂർ ഉപ്പിടുപാറയിൽ സനൂജ ജബ്ബാർ, പെരുമ്പിള്ളിച്ചിറ ചൂരവേലിൽ സുനി കാസിം എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ബ്ലേഡ് പലിശയ്ക്ക് പണം നൽകിയിരുന്ന നാലു പേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. മുതലക്കോടം പെട്ടനാട് സ്വദേശിയായ വീട്ടമ്മയാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന് വിദേശത്തു പോകാനായി മേരിയുടെ പക്കൽ നിന്ന് 50,000 രൂപയാണ് ആദ്യം കടം വാങ്ങിയത്. നാലു ലക്ഷം രൂപ തിരികെ നൽകി. രാധാകൃഷ്ണനിൽ നിന്ന് ഒരു ലക്ഷം വാങ്ങി 10,62,000 രൂപ തിരികെ നൽകി. സനൂജ ജബ്ബാറിൻ നിന്നും ഒരു ലക്ഷം വാങ്ങി 3,49,000 രൂപ മടക്കി നൽകി. സുനി കാസിമിൽ നിന്ന് 7,66,000 രൂപ വാങ്ങി 11,98,500 രൂപ തിരികെ നൽകി. ഇത്രയും പണം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. തൊടുപുഴ ഡിവൈ.എസ്.പി കെ.കെ. സജീവിന്റെ നിർദേശ പ്രകാരം എസ്‌.ഐമാരായ ബൈജു പി. ബാബു, സി.കെ. രാജു, ബിജി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പലിശയ്ക്ക് പണം നൽകിയവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ചെക്കും പ്രോമിസറി നോട്ടുകളും ഉൾപ്പെടെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.