സഹപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയണം

കട്ടപ്പന: ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌പൈസസ് ബോർഡിന്റെ ബോഡിനായ്ക്കന്നൂർ ഏലക്ക ഈ-ലേല കേന്ദ്രം അടച്ചു. ഇതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന ലേലവും മുടങ്ങി. ടെക്‌നിക്കൽ സൂപ്പർവൈസർക്കാണ് രോഗബാധ. 14 ദിവസത്തേയ്ക്ക് കേന്ദ്രം അടച്ചിടാനും മറ്റു ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാനും തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നെടുങ്കണ്ടം സുഗന്ധഗിരി സ്‌പൈസസ് പ്രൊമോട്ടേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിന്റെ ലേലലാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. ഏലക്കയുമായി ലേലത്തിൽ പങ്കെടുക്കാനെത്തിയ ഏജൻസി ജീവനക്കാരെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് മടക്കിയയച്ചു.
ലേലത്തിനു മുന്നോടിയായി 339 ലോട്ടുകളിലായി ആകെ 83165.4 കിലോഗ്രാം ഏലക്ക വിൽപനയ്ക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ഏലക്കാ എത്തിയിരുന്നു. എന്നാൽ ലേലം മുടങ്ങിയതോടെ കർഷകർ ബുദ്ധിമുട്ടിലായി.


ഇന്ന് ലേലമില്ല

ഇന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടക്കേണ്ടിയിരുന്ന കുമളി സ്‌പൈസ് മോർ ട്രേഡിംഗ് കമ്പനിയുടെ ലേലം നാളെ നടക്കും. കൂടാതെ നിലവിൽ ഏലക്ക പൂൾ ചെയ്തിട്ടുള്ള രണ്ട് ഏജൻസികളുടെ ലേലങ്ങൾ 24, 25 തിയതികളിലായി നടത്തിയ ശേഷം ജൂലായിൽ ലേലം ഉണ്ടാകില്ലെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു. ലേലത്തിൽ പങ്കെടുക്കുന്ന കച്ചവടക്കാരിൽ ഏറെയും തമിഴ്‌നാട്ടിൽ നിന്നാണ് വരേണ്ടത്. ബോഡിനായ്ക്കന്നൂരിലെ ലേല കേന്ദ്രം അടക്കുകയും ഇവിടെ എത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നു നിർദ്ദേശിച്ചിരിക്കുന്നതിനാലും കൂടുതൽ വ്യാപാരികൾ എത്തില്ല.