ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു
60 ദിവസത്തിനുള്ളിൽ അപാകത പരിഹരിക്കാൻ നിർദേശം
കട്ടപ്പന: നിർമാണം പൂർത്തീകരിച്ച വീടുകൾക്ക് കെട്ടിട നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം. വെള്ളിലാംകണ്ടം മമ്മൂട്ടിൽ ബിനു ജേക്കബാണ് ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടുകയാണെന്നു ആരോപിച്ച് പ്ലക്കാർഡുമായി ഓഫീസ് പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശിയുമായി നടത്തിയ ചർച്ചയിൽ കെട്ടിടത്തിന്റെ അപാകതകൾ പരിഹരിച്ചാൽ കെട്ടിട നമ്പർ നൽകുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വാടകയ്ക്ക് നൽകാനായി പിതാവ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയിൽ മൂന്നു വീടുകളാണ് ബിനു നിർമിച്ചത്. ജോലികൾ പൂർത്തീകരിച്ചശേഷം ഒരുമാസത്തിലധികം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും സ്ഥലം സന്ദർശിച്ച് വീട്ടുനമ്പർ നൽകാൻ അധികൃതർ തയാറായില്ല. തുടർന്ന് ഇന്നലെ രാവിലെ പത്തോടെ ബിനു ഒറ്റയാൾ സമരവുമായി രംഗത്തെത്തി. നേരത്തെ ഭൂമിക്ക് പട്ടയ അപേക്ഷ നൽകിയപ്പോൾ 12 വർഷം മുമ്പ് നിർമിച്ച 10 ഷട്ടറുകളുള്ള കെട്ടിടം ഒഴിവാക്കിയാണ് പട്ടയം നൽകിയതെന്നും ഇദ്ദേഹം പറയുന്നു.
പട്ടയ സ്ഥലത്ത് നിർമിച്ചിരിക്കുന്ന രണ്ട് വീടുകൾക്ക് നമ്പർ നൽകാൻ ചെറിയ സാങ്കേതിക തടസങ്ങൾ മാത്രമേ ഉള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി പറഞ്ഞു. മഴവെള്ള സംഭരണി നിർമിച്ചാൽ ഈ വീടുകൾക്ക് കെട്ടിട നമ്പർ നൽകും. എന്നാൽ സംസ്ഥാനപാതയിൽ നിന്നു ദൂരപരിധി പാലിക്കാതെയാണ് മൂന്നാമത്തെ വീട് നിർമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ നിന്നു നോട്ടീസ് അയച്ചിരുന്നു. അപാകതകൾ പരിഹരിക്കുന്നപക്ഷം ഈ വീടിനും നമ്പർ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
60 ദിവസത്തിനുള്ളിൽ അപാകതകൾ പരിഹരിച്ചാൽ കെട്ടിട നമ്പർ ലഭ്യമാക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.