തൊടുപുഴ: ഒരാഴ്ച മുമ്പാണ് ഇടുക്കി മെഡിക്ക ൽ കോളേജിലെ കൊവിഡ് പരിശോധനയ്ക്കുള്ള പി.സി.ആർ ടെസ്റ്റ് ലാബ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതുവരെ ലാബ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. കോട്ടയത്തെ പരിശോധനാ ലാബ് ക്ലീനിംഗിനായി അടച്ചതിനാൽ ഇന്നലെ ജില്ലയിൽ കൊവിഡ് പരിശോധനയൊന്നും നടന്നില്ല. സമ്പർക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന ജില്ലയിൽ പരിശോധന ഒന്നും നടക്കാത്തത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയാണ്. ജില്ലയ്ക്ക് സ്വന്തമായി ഒരു കൊവിഡ് പരിശോധനാ ലാബ് ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നമുണ്ടാകില്ലായിരുന്നു. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) അനുമതി ലഭിക്കാത്തതിനാലാണ് ലാബ് ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തത്. അതേസമയം ജില്ലയിൽ ട്രൂനാറ്റ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. പി.സി.ആർ ടെസ്റ്റിലേതു പോലെ സ്രവമാണു ട്രൂനാറ്റിലും പരിശോധിക്കുന്നത്. ഒരു മണിക്കൂറിൽ ഫലം അറിയാം. ഒരു പ്രദേശത്ത് കൊവിഡ് വ്യാപകമായി ബാധിച്ചോ എന്നറിയാനാണു ട്രൂനാറ്റ് ടെസ്റ്റ് സാധാരണയായി ഉപയോഗിക്കുന്നത്. പക്ഷേ ട്രൂനാറ്റിന്റെ കൃത്യത സംബന്ധിച്ച് ആശങ്കയുണ്ട്. ട്രൂനാറ്റിൽ നെഗറ്റീവ് ആണെങ്കിലും പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവാകാം.
എല്ലാം സജ്ജം, പക്ഷേ
മെഡിക്കൽ കോളേജിൽ പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനായി 82,81350 രൂപയുടെ ഉപകരണങ്ങളാണ് സംസ്ഥാന സർക്കാർ കെ.എം.എസ്.സി.എൽ വഴി ഒരുക്കിയിട്ടുള്ളത്. ഇതിൽ പി.സി.ആർ മെഷീൻ, ബയോസേഫ്റ്റി ക്യാബിനറ്റുകൾ തുടങ്ങി അത്യാധുനിക ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
'കോട്ടയത്തെ ലാബ് കഴിഞ്ഞ തിങ്കളാഴ്ചയും അവധിയായിരുന്നു. എന്തായാലും ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാൽ ജില്ലയിലെ ലാബ് പ്രവർത്തനമാരംഭിക്കാനാകും. ഒരു ദിവസം ഫലം വന്നില്ലെന്ന് കരുതി ആശങ്കപ്പെടേണ്ട. അതുകൂടി ചേർത്ത് അടുത്ത ദിവസം വരും."
-ഡോ. എൻ. പ്രിയ (ഡി.എം.ഒ)
'ജില്ലയിൽ കൊവിഡ് പരിശോധിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് മേയ് മാസം മുതൽ താൻ ആവശ്യപ്പെടുന്നതാണ്. ലാബ് പ്രവർത്തനസജ്ജമാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണ്. ഫലം വൈകുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. പരിശോധനാഫലം വരാത്തതിനാൽ മൃതദേഹം പോലും ദിവസങ്ങളോളം സംസ്കരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ട്രൂനാറ്റ് പരിശോധന നടത്തി മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണം. "
- ഡീൻ കുര്യാക്കോസ് എം.പി