light

മണക്കാട്: രാത്രിയാത്രയ്ക്ക് പ്രകാശം പരത്തി മണക്കാട്കൂടി കടന്ന് പോവുന്ന പൊതുമരാമത്ത് റോഡുകളിലെ വൈദ്യുതി തൂണുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ ഘടിപ്പിക്കുന്ന ജോലി പൂർത്തിയായി.
ഒരാഴ്ചകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ലൈറ്റുകൾ സ്ഥാപിച്ചത്. ഇരുപത്തിയഞ്ച് വാട്‌സ് പ്രകാശം പരത്തുന്ന രണ്ട് വർഷം വാറന്റിയുള്ള അറുന്നൂറ്റി രണ്ട് എൽ.ഇ.ഡി. ലൈറ്റുകളാണ് ഇതിനോടകം ഘടിപ്പിച്ചത്. 13 വാർഡുകളിലുമായി തെരുവ്
വിളക്കുകൾ ഇല്ലാതിരുന്ന ഗ്രാമീണ റോഡുകളിലും പഞ്ചായത്ത് റോഡുകളിലും വഴിവിളക്കുകൾ ഘടിപ്പിക്കുന്ന ജോലി ഭരണ സമതിയുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിൽ നടന്നിരുന്നു.
ഇതുകൂടാതെ തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് അനുവദിച്ച പതിനൊന്ന് ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപയും ചേർത്ത് പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റ്രീറ്റ് ലൈറ്റ് ലൈനുകൾ ഇല്ലാത്ത ഗ്രാമീണ റോഡുകളിൽ അവ സ്ഥാപിക്കുന്നതിനും എൽ.ഇ.ഡി. ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുമുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ജോലികൾ വൈദ്യുതി വകുപ്പ് താമസമില്ലാതെ ഏറ്റെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോണും വൈസ് പ്രസിഡന്റ് ബി.ബിനോയിയും അറിയിച്ചു.