തൊടുപുഴ: കേരളത്തിലെ റബ്ബർ കർഷകരെ തകർക്കുന്ന തരത്തിൽ 1947ലെ റബ്ബർ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്കും കേന്ദ്ര വാണിജ്യ മന്ത്രിക്കും നൽകി. അനിയന്ത്രിതമായ വിലയിടിവുമൂലം റബ്ബർ മേഖല ഇതിനോടകം തന്നെ തകർച്ചയിലാണ് . റബ്ബർ ആക്ട് ഭേദഗതിയിലൂടെ റബ്ബർ ബോർഡിന്റെ പ്രവർത്തനം ഇല്ലാതാകും. ഇത് റബ്ബർ കർഷകരെ സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കും. റബ്ബർ മേഖലയുടെ വികസനത്തിനും കർഷക ക്ഷേമത്തിനും വേണ്ടി 1947 ലെ റബ്ബർ ആക്ടിന്റെ പിൻബലത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിച്ച സ്ഥാപനമാണ് കോട്ടയം ആസ്ഥാനമായുള്ള റബ്ബർ ബോർഡ്. ഇതിന്റെ പ്രവർത്തനം പൂർണമായി നിർത്തലാക്കാനോ മറ്റു കമ്മോഡിറ്റി ബോർഡുകളിൽ ലയിപ്പിക്കാനോ ആണ് റബ്ബർ നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. റബർ ബോർഡിന്റെ പ്രവർത്തനം നിലച്ചാൽ ഈ മേഖലയിലെ ഗവേഷണം , കർഷകർക്കുള്ള സബ്സിഡി, മറ്റു സാങ്കേതിക സഹായം തുടങ്ങിയവ ഇല്ലാതാകും. രാജ്യത്ത് ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ കാർഷിക സമ്പത് വ്യവസ്ഥയെ ഈ നീക്കം തകർക്കും. അനിയന്ത്രിതമായ റബ്ബർ ഇറക്കുമതി തടഞ്ഞുകൊണ്ട് വിലത്തകർച്ചയിൽ ദുരിതമനുഭവിക്കുന്ന റബ്ബർ കർഷകർക്ക് ആശ്വാസം നൽകുന്നതിന് പകരം റബ്ബർ മേഖലയെ പൂർണമായും ഇല്ലാതാക്കുവാനുള്ള ഈ നീക്കം തീർത്തും അപലപനീയമാണ് . ഈ നടപടിയിൽ നിന്നും കേന്ദ്രസർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും റബ്ബർ ബോർഡിന്റെ പ്രവർത്തനം നിലനിർത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.