കട്ടപ്പന: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാക്കി നിജപ്പെടുത്തിയതായി കെ.വി.വി.ഇ.എസ്. ജില്ലാ കമ്മിറ്റി. ഹോട്ടലുകൾക്ക് എട്ടുവരെ പ്രവർത്തിക്കാം. എന്നാൽ ബേക്കറി, സ്‌റ്റേഷനറി, പലചരക്ക് വിൽപന അനുബന്ധിച്ചുള്ള ഹോട്ടലുകൾ ഏഴുവരെയേ തുറക്കാൻ പാടുള്ളൂ. കൂടാതെ ഞായറാഴ്ച മുഴുവൻ സ്ഥാപനങ്ങളും തുറക്കാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി കെ.പി. ഹസൻ അറിയിച്ചു. കൊവിഡിന്റെ മറവിൽ നിയമവിരുദ്ധമായി വാഹനങ്ങളിൽ നിത്യോപയോഗ സാധനങ്ങളും ഭക്ഷണ പദാർഥങ്ങളും വിൽക്കുന്നവരെ നിയന്ത്രിക്കണം. ഇവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസില്ല. ഇവർ നിയമവിരുദ്ധമായാണ് അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.
രാത്രികാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നു നിരവധി പേർ ജില്ലയിലെത്തുന്നുണ്ട്. ഇവർ കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നതും വ്യാപാരികളുമായും ജീവനക്കാരുമായും സമ്പർക്കമുണ്ടാകുന്നതും രോഗ വ്യാപനത്തിനു കാരണമാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കു വാഹനങ്ങളിലെ ജീവനക്കാർക്ക് മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ പ്രത്യേകം താമസ സൗകര്യം സ്ഥാപന ഉടമകൾ ക്രമീകരിക്കണം. കൂടാതെ തമിഴ്നാട്ടിൽ പോയി വരുന്ന ഡ്രൈവർമാർക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും കെ.പി. ഹസൻ അറിയിച്ചു.