തൊടുപുഴ: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. 10 ദിവസത്തിനിടെ നാല് പേരുടെ ജീവനാണ് ഇടുക്കിയിൽ കൊവിഡെടുത്തത്. ഇതിൽ ഒരു മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 12ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രാജാക്കാട് എൻ.ആർ സിറ്റി ചിറമ്മേൽ ജോയിയുടെ ഭാര്യ വത്സമ്മയായിരുന്നു ജില്ലയിലെ ആദ്യ കൊവിഡ് മരണം. ഹൃദയാഘാതം കാരണം മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്താനായില്ല. തുടർന്ന് രാജാക്കാട് മേഖലയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ വത്സമ്മയുടെ ഭർത്താവും മകനുമടക്കം നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് ലോക്ക്ഡൗണിലായി. ശാന്തൻപാറ പേത്തൊട്ടിയിൽ നിരീക്ഷണത്തിലിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യനാണ് (74) രണ്ടാമത്തെ കൊവിഡ് മരണം. രോഗ ബാധയുണ്ടെന്ന് ആദ്യ പരിശോധനാ ഫലത്തിൽ വ്യക്തമായിരുന്നു. 16ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണിന് മുമ്പ് തമിഴ്നാട്ടിലേക്ക് പോയ പാണ്ഡ്യൻ അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി വണ്ടിയിലാണ് തിരികെ എത്തിയത്. തുടർന്ന് അധികൃതർ കണ്ടെത്തി വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. തിങ്കളാഴ്ച മരിച്ച ചക്കുപള്ളം ചിറ്റാരംപാറ സ്വദേശി തങ്കയ്യയാണ് (60) മൂന്നാമത്തെ മരണം. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണനാണ് (65) അവസാനമായി ജില്ലയിൽ മരിച്ച കൊവിഡ് ബാധിതൻ. 20ന് പരിശോധനാ ഫലം പോസിറ്റീവാണെന്നു വന്നിരുന്നു.
മൂന്നും അതിർത്തി കടന്നെത്തിയവർ
ആദ്യം മരിച്ച രാജാക്കാട്ടെ വീട്ടമ്മയൊഴിച്ച് ബാക്കി മൂന്ന് പേരും തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തിയവർ. തമിഴ്നാട്ടിൽ നിന്നുള്ള ഷോർട്ട് പാസിൽ കുമളി വഴി ജില്ലയിലെത്തുന്നവരിൽ കൊവിഡ് കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അയൽ സംസ്ഥാനക്കാരെ നിരീക്ഷണത്തിലാക്കാനാവില്ലെന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും മറ്റും സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ ദിവസത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവരെ നിശ്ചിത കാലയളവിൽ നിരീക്ഷണത്തിലാക്കാൻ സാധിക്കുന്നില്ല. ഇവരിൽ പലരും രോഗവാഹകരായാണ് സംസ്ഥാനത്തെത്തുന്നത്. തോട്ടം മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇവർ ജോലി ചെയ്യുന്നുമുണ്ട്.