കട്ടപ്പന: തമിഴ്നാട്ടിൽ പോയി മടങ്ങിയെത്തിയ കൊവിഡ് ബാധിതനായ അറുപത്തിയഞ്ച്കാരൻ മരിച്ചു. അയ്യപ്പൻകോവിൽ പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണ(65) നാണ് മരിച്ചത്. ആഴ്ചകൾക്ക് മുമ്പ് സ്വദേശമായ തമിഴ്‌നാട് കമ്പത്തേക്കു പോയിരുന്ന ഇദ്ദേഹവും കുടുംബവും ജൂലായ് 16ന് പുല്ലുമേട്ടിലെ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ നാരായണന്റെയും മകന്റെയും സ്രവം പരിശോധിക്കുകയും 20ന് പോസിറ്റീവാണെന്നു ഫലം വരുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടോടെ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എന്നാൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാത്രിയോടെ നാരായണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെ പുല്ലുമേട്ടിൽ മൃതദേഹം എത്തിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിച്ചു. ഭാര്യ പരേതയായ വീരമ്മ. മക്കൾ: മഹേശ്വരൻ, ജഗദീശ്വരി, രാജേശ്വരി, അംബികവതി, ജയപ്രഭ.