കട്ടപ്പന: കൊവിഡ് ഭീതി നിലനിൽക്കുമ്പോൾ മുള്ളരിങ്ങാട് പള്ളി വിഷയത്തിന്മേൽ നൂറ്റമ്പതിലധികം പേർ സംഘടിക്കാൻ ജില്ലാ ഭരണകൂടം അവസരമൊരുക്കിയതിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വിമർശനം. കൊവിഡ് സ്ഥിരീകരിച്ച മുള്ളരിങ്ങാട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് നിരവധി പേർ പ്രതിഷേധം അറിയിച്ചത്. ജൂലായ് പത്തിനാണ് ഓർത്തഡോക്സ്- യാക്കോബായാ തർക്കം നിലനിൽക്കുന്ന മുള്ളരിങ്ങാട് പള്ളിയുടെ നിയന്ത്രണം, ജില്ലാ ഭരണകൂടം കൈമാറുന്നത് സംബന്ധിച്ച് തർക്കമുണ്ടായത്. സംഭവ സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കത്തിലൂടെ നിരവധി പേർക്കും രോഗബാധയുണ്ടായി. തിങ്കളാഴ്ച ഉച്ചയോടെയാണ് കളക്ടറുടെ പേജിൽ രോഗബാധിതന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. കടുത്തഭാഷയിലാണ് ആളുകൾ പോസ്റ്റിൽ വിമർശനം അറിയിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ കഴിവുകേടാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും ആരോപിക്കുന്നു. മേഖലയിലെ മറ്റൊരു പ്രദേശം റെഡ് സോണിൽ ആയതിനാൽ നടപടി നീട്ടിവയ്ക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഭരണസമിതി, ജില്ലാ ഭരണകൂടത്തിനു കത്ത് നൽകിയിരുന്നെങ്കിലും അതു മുഖവിലയ്‌ക്കെടുത്തില്ലെന്നും ആക്ഷേപമുന്നയിക്കുന്നു.