തൊടുപുഴ: ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിട്യൂട്ടിലെ ഡയറക്ടറുടെ നിയമനം അനധികൃതമായാണ് നടത്തിയതെന്ന് കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോഓർഡിനേറ്റർ മനോജ് കോക്കാട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചാരിറ്റബിൾ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറാകാൻ ടൂറിസം വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാതെ യോഗ്യത വേണം. എന്നാൽ, നിലവിലെ ഡയറക്ടർക്ക് ഈ യോഗ്യതയില്ല. പ്രായപരിധിയിലും പ്രശ്‌നമുണ്ട്. ജീവനക്കാർക്ക് അർഹമായ സ്ഥാനക്കയറ്റം നിഷധിച്ച് അനർഹരെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ താത്ക്കാലിക നിയമനം നടത്താനുള്ള സർക്കുലർ ചട്ടവിരുദ്ധമായി പിന്നീട് ഇറക്കുകയായിരുന്നു.. എന്നാൽ, ആരോപണം ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഷാജി മാധവൻ നിഷേധിച്ചു. ചില സ്ഥാപിത താത്പര്യക്കാർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ടൂർ ഫെഡ് എം.ഡിയായ താൻ അധിക ചുമതലയെന്ന നിലയിലാണ് ഫുഡ് ക്രാഫ്ട് ഇൻസ്ടിട്യൂട്ടിന്റെ ഡയറക്ടർ സ്ഥാനം വഹിക്കുന്നത്. നാളുകളായ പരിചയ സമ്പത്ത് പരിഗണിച്ചു കൂടിയാണ് സർക്കാർ തന്നെ നിയമിച്ചത്. അർഹരായ ഒരാൾക്കും സ്ഥാനക്കയറ്റം നിഷേധിച്ചിട്ടില്ലെന്നും സ്വജനപക്ഷപാതത്തോടെ ഒരു നിയമനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.