പീരുമേട്: സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മ്ലാമല പുതുവലിൽ ജിനു തോമസിന്റെ കൊലപാതകം ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പ്രതികളായവർ അടുത്തകാലം വരെ ബി.ജെ.പിയുടെയും ആർ.എസ്.എസി ന്റെയും സജീവ പ്രവർത്തകർ ആയിരുന്നു. ഈ സമയങ്ങളിൽ കൊല്ലപ്പെട്ട ജിനുവുമായി പലതവണ ഇവർ വാക്കുതർക്കവും സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് നിലനിൽക്കെയാണ് കഴിഞ്ഞ പത്തിന് സി.പി.എം ഏരിയ സെക്രട്ടറി നേരിട്ടെത്തി പ്രതികളടക്കമുള്ള സംഘത്തെ സി.പി.എം ൽ ചേർക്കുകയാണ് ചെയ്തത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ജിനു കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് സംഘർഷമുണ്ടായതും മരണം സംഭവിച്ചതും. കാലങ്ങളായി സി.പി.എം പ്രവർത്തകനായിരുന്ന ജിനുവിനെ, പാർട്ടിയിൽ ചേർന്ന ഉടനെ പ്രതികൾ ആക്രമിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി പ്രവർത്തകൻ മരിച്ചിട്ട് പാർട്ടി പതാക പുതപ്പിക്കുകയോ സംസ്‌കാര ചടങ്ങിൽ നേതാക്കൾ പങ്കെടുക്കുകയോ ചെയ്യാത്തത് ഈ ഗൂഢാലോചനയുടെ ഭാഗമായാണ്. കൊലയ്ക്കു ശേഷം പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കുകയും മറ്റ് ക്രമീകരണങ്ങൾ നടത്തിയതും മ്ലാമല ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്. ഇത് വണ്ടിപെരിയാർ പൊലീസ് സ്റ്റേഷനിലെ സി.സി ടി.വി പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി സി.പി.എം പാർട്ടിയിൽ പ്രവർത്തിച്ച ആളെ ഇല്ലാതാക്കാൻ വൻ ഗൂഡാലോചന നടന്നുവെന്നും കൊലപാതകത്തെ കുറിച്ച് പീരുമേട് സി.ഐയെയും, കട്ടപ്പന ഡിവൈ.എസ്.പിയെയും മാറ്റി നിറുത്തി സമഗ്ര അന്വേഷണം നടത്തണമെന്നും കല്ലാർ ആവശ്യപ്പെട്ടു.