തൊടുപുഴ: പാഴ്തടി മുറിച്ചു കയറ്റിക്കൊണ്ടു പോകാൻ അനുമതി നൽകുന്നതിന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസർ വിജിലൻസ് പിടിയിലായി. തൊടുപുഴ റേഞ്ച് അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. എം. സലിമാണ് അറസ്റ്റിലായത്. കുളമാവ് പൊലീസ് സ്റ്റേഷന് പിൻഭാഗത്ത് ഒരു വ്യക്തിയുടെ വസ്തുവിലെ പാഴ്തടികൾ മുറിച്ച് കുരുതിക്കളം ചെക്‌പോസ്റ്റിലൂടെ കടത്തിക്കൊണ്ടു പോകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പാഴ്ത്തടി വാങ്ങിയ കെ. എസ്. ദാസ് അനുമതിക്കായി മാസങ്ങൾക്കു മുമ്പ് ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകിയെങ്കിലും തീരുമാനമായിരുന്നില്ല. കാലതാമസം വന്നതോടെ ഓഫീസറെ സമീപിച്ചപ്പോഴാണ് അയ്യായിരം രൂപ ആവശ്യപ്പെട്ടത്. ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ട് ഇടുക്കി വിജലൻസ് യൂണിറ്റ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിൽ കൊടുത്ത നോട്ടുകൾ അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ദാസിൽ നിന്ന് സലിം കൈപ്പറ്റുമ്പോഴാണ് പിടിയിലാകുന്നത്. ഡിവൈ.എസ്.പിയെ കൂടാതെ ഇടുക്കി യൂണിറ്റ് ഇൻസ്‌പെക്ടർ കെ. എൻ. രാജേഷ്, കോട്ടയം വിജിലൻസ് ഇൻസ്‌പെക്ടർ റിജോ പി. ജോസഫ്, ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഇൻസ്‌പെക്ടർ പ്രശാന്ത്, എസ്‌.ഐമാരായ സന്തോഷ്, സാമുവൽ ജോസഫ്, എ.എസ്.‌ഐ ബിജു കുര്യൻ എന്നിവരും ഉണ്ടായിരുന്നു. സലിമിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.