bridge

മലങ്കര: തുരുത്തേൽ പാലത്തിലെ അപകടാവസ്ഥ ഒടുവിൽ അധികൃതരുടെ കണ്ണിൽ ഉടക്കി. ഇതേ തുടർന്ന് പാലത്തിന്റെ നാല് വശങ്ങളിലെയും മണ്ണ് താഴേക്ക് ഇടിയുന്നത് ഇല്ലാതാക്കാൻ സംരക്ഷണ ഭിത്തി നിർമ്മിക്കാനും റോഡിന് വീതി കൂട്ടാനുമുള്ള പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹില്ലിഅക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം പാലത്തിന്റെ രണ്ട് വശങ്ങളിലേയും പ്രവേശന ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിയുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. പാലത്തിന് താഴെ മുട്ടം - മലങ്കര പരപ്പാൻ തോടാണ്. തോടിന് കുറുകെയായിട്ടാണ് പാലം. അപകടാവസ്ഥയുടെ ആഴം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടൽ നടത്തി. പാലത്തിലെ അപകടാവസ്ഥ സംബന്ധിച്ച് "കേരള കൗമുദി" വാർത്ത നൽകിയിരുന്നു. പാലത്തിന്റെ രണ്ട് വശങ്ങളിലുമുള്ള പ്രവേശന ഭാഗത്ത് വീതി കുറഞ്ഞും മഴയത്ത് മണ്ണിടിഞ്ഞും ഏറെ അപകട സാദ്ധ്യത നിലനിന്നിരുന്നു. രണ്ട് വശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോഴും വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും ഏറെ അപകടാവസ്ഥയാണ് നിലനിന്നതും. ഏതാനും മാസങ്ങൾക്ക് മുൻപ് മുട്ടം ഭാഗത്ത് നിന്ന് വന്ന ബൈക്ക് മഴയത്ത് നിയന്ത്രണം തെറ്റി പാലത്തിന്റെ വീതി കുറഞ്ഞ ഭാഗത്തൂടെ താഴെ തോട്ടിലേക്ക് വീണ് അപകടത്തിൽപ്പെട്ടിരുന്നു.

സൽക്കർമ്മത്തിന് തുടർച്ചയായി

പാലത്തിന്റെ നാല് വശങ്ങളിലും കുറ്റിച്ചെടികളും പാഴ്മരങ്ങളും വളർന്ന് പാലത്തിലെ അപകടാവസ്ഥ പെട്ടന്ന് ആരുടെയും കണ്ണിൽപെടാത്ത അവസ്ഥയിലുമായിരുന്നു. ഈ ഭാഗത്ത്‌ പുല്ല് ചെത്താൻ വന്ന പ്രദേശവാസിയായ ഏതോ ഒരു വ്യക്തിക്ക് അപകടാവസ്ഥ ബോദ്ധ്യമായതിനെ തുടർന്ന് പാലത്തിന്റെ നാല് വശങ്ങളിലെയും കുറ്റിച്ചെടികളും പാഴ് മരങ്ങളും തുടർച്ചയായി വെട്ടിമാറ്റിയിരുന്നു.