തൊടുപുഴ: അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു വണ്ടികൾ, ഷോർട്ട് പാസുകൾ സംഘടിപ്പിച്ച് വരുന്നവർ എന്നിവർ സംബന്ധിച്ച കൃത്യമായ വിവരം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകാത്തത് കൊവിഡ് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങി ജനസാന്ദ്രത കൂടിയ ടൗണുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കൊവിഡ്- 19 തീവ്രമാകുന്ന സാഹചര്യത്തിൽ കെ.ജി.എം.ഒ.എ ജില്ലാ ഭരണകൂടത്തിന് നൽകിയ മുൻകരുതൽ നിർദ്ദേശങ്ങളിൽ പറയുന്നു . മാർക്കറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തണം. താലൂക്ക്- ജില്ലാ ആശുപത്രികൾ,​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,​ കുടുംബാരോഗ്യ കേന്ദ്രങ്ങൾ,​ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മേഖലയിലെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ പ്രാഥമിക തലത്തിലുള്ള ഒരു ആശുപത്രിയിലെ ചാർജ് മെഡിക്കൽ ഓഫീസർ മുഴുവൻ സമയവും പൂർണമായും വിനിയോഗിച്ചാൽ പോലും ജോലികൾ സമയത്ത് തീർക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ ആരോഗ്യമേഖലയിൽ കൂടുതൽ ഡോക്ടർമാരെയടക്കം നിയമിച്ച് ശാക്തീകരിക്കണം. കൊവിഡ് പരിശോധനകൾക്കായി പഞ്ചായത്ത് തലത്തിൽ സി.എഫ് എൽ. ടി.സീകൾ അടിയന്തരമായി സ്ഥാപിക്കണം. സ്രവ ശേഖരണം ഡോക്ടർമാർ നേരിട്ട് നടത്തുന്നതിനൊപ്പം മറ്റ് ആരോഗ്യ ജീവനക്കാരെ കൂടി വിനിയോഗിക്കാൻ നടപടി വേണം. ആരോഗ്യ ജീവനക്കാരെ കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. പൊതുജനവുമായി അടുത്ത് ഇടപഴകുന്ന ഇവർക്ക് രോഗബാധയുണ്ടായാൽ ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളായി മാറുകയും അത് സമൂഹത്തിൽ തീവ്ര രോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യും. ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസമില്ലാതെ നിലനിറുത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലെയറിംഗ് സംവിധാനം നിർബന്ധമാക്കണമെന്നും കെ.ജി.എം.ഒ.എ ജില്ലാ കമ്മറ്റി നിർദ്ദേശിച്ചു.