ഇടുക്കി: മുള്ളരിങ്ങാട് ഓർത്തഡോക്‌സ് പള്ളിയുടെ കൈമാറ്റത്തിന്റെ പേരിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി ജില്ലാ ഭരണകൂടത്തിനെതിരെയുള്ള ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. കഴിഞ്ഞ പത്തിനാണ് പള്ളി കൈമാറ്റം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചത്. കോടതി ഉത്തരവ് അനുസരിച്ച് കൈമാറ്റ നടപടികൾക്കായുള്ള തയ്യാറെടുപ്പിനു വേണ്ടി ജൂൺ 16ന് ഉന്നതതല യോഗം ചേർന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലും പൊലീസിന്റെ കുറവുള്ളതിനാലും വിധി നടപ്പിലാക്കുന്നതിനായി സമയം നീട്ടി ചോദിക്കാൻ ഈ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണമെന്നും ഇക്കാര്യത്തിൽ ഒരുതരത്തിലുമുള്ള കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കിയ കോടതി സമയം നീട്ടി ചോദിച്ചതിന് ജില്ലാ ഭരണകൂടത്തെ വിമർശിക്കുകയും ചെയ്തു. പള്ളിക്കുള്ളിലെ ആരാധനയുടെ കാര്യത്തിലും സെമിത്തേരിയിൽ സംസ്‌കാരച്ചടങ്ങിന്റെ കാര്യത്തിലും ഹർജിക്കാരന് എല്ലാവിധ അവകാശങ്ങളുമുണ്ടെന്നു വ്യക്തമാക്കിയ കോടതി ഇതു തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഹർജിക്കാർക്ക് പൊലീസ് സംരക്ഷണവും ഉറപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതനുസരിച്ച് ജൂലായ് 15 വരെ പള്ളി കൈമാറ്റ നടപടികൾക്ക് കോടതി അന്തിമസമയം അനുവദിച്ചു. പ്രദേശത്ത് ക്രമസമാധാന ഭംഗം ഉണ്ടാകാതെ കോടതി ഉത്തരവു നടപ്പാക്കുക എന്ന ലക്ഷ്യമാണ് ജില്ലാ ഭരണകൂടത്തിനു മുന്നിലുണ്ടായിരുന്നത്. ജനങ്ങൾ കൂടുന്നത് ഒഴിവാക്കണമെന്നു പള്ളി അധികാരികളോടും നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചു ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെ ഇപ്പോൾ കൊവിഡ് വ്യാപനവുമായി ബന്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.