രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി അതിന്റെ ചരിത്രത്തിൽ ഒരു നാഴികകല്ല് പിന്നിട്ട വാരമാണ് കടന്നുപോയത്. 11ന് മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോത്പാദനം പതിനായിരം കോടി യൂണിറ്റിലെത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും ഉത്പാദനം നടക്കുന്നത്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തിനു സമർപ്പിച്ച ഇന്തോ- കാനഡ പദ്ധതി 44 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
അപൂർവങ്ങളിൽ അപൂർവം
കുറവൻ-കുറത്തി മലകൾക്കിടയിൽ 500 അടിയിലേറെ ഉയരത്തിൽപണിത ആർച്ച് ഡാമിന് പിന്നിൽ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റർ വെള്ളം, പാറ തുരന്നുണ്ടാക്കിയ ഭൂഗർഭ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ആവിഷ്കരിച്ചത്. ഇടുക്കി അണക്കെട്ടിൽ നിന്ന് 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്താണ് മൂലമറ്റം പവർഹൗസ് നിർമിച്ചിരിക്കുന്നത്. ഭൂമിയുടെ അടിയിൽ വിസ്തൃതി ഏറിയ പാറയ്ക്കുള്ളിൽ തുരന്നെടുത്ത ഏഴ് നിലകളായാണ് വൈദ്യുതി നിലയം. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജലസംഭരണിയാണ് ഊർജോത്പാദനത്തിന്റെ സ്രോതസ്. 15000 തൊഴിലാളികൾ ജോലി ചെയ്ത പദ്ധതി നിർമാണത്തിനിടയിൽ 85 പേരോളം അപകടത്തിൽ മരിച്ചതായാണ് കണക്ക്. 220 കോടിയോളം രൂപയാണ് അന്ന് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരം ഒരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 3000 കോടി രൂപ വേണ്ടി വരുമെന്ന് വിദഗ്ദ്ധാഭിപ്രായം. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ആറ് ജനറേറ്ററുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഭൂമിക്കടിയിലൂടെയെത്തുന്ന വെള്ളം ഏകദേശം 669.2 മീറ്റർ (2195 അടി) ഉയരത്തിൽ നിന്ന് ആറ് ടർബൈനുകളിലേക്കു വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓരോ ടർബൈനുകളുടെയും ക്ഷമത 130 മെഗാവാട്ടാണ്. ആകെ 780 മെഗാവാട്ടാണിവിടത്തെ ഉത്പാദന ക്ഷമത. എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 18 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാം. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും മൂലമറ്റത്ത് നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇടുക്കിയിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇപ്പോൾ ചെലവ് യൂണിറ്റിന് 25 പൈസയാണ്.
എൻജിനീയർമാർ മുതൽ അറ്റൻഡർമാർ വരെ നിരവധി ജീവനക്കാരാണ് മുഴുവൻ സമയവും പവർഹൗസിൽ ജോലി ചെയ്യുന്നത്. അപകടസാദ്ധ്യത കൂടിയ ഗണത്തിൽ വരുന്നതിനാൽ ആറ് മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളായി ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഭൂമിക്കടിയിലെ കുറഞ്ഞ ഓക്സിജൻ അളവിൽ ഓരോ നിമിഷവും അപകടം മുന്നിൽ കണ്ടാണ് ഇവരുടെ ജോലി. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ 2011ലെ പൊട്ടിത്തെറിയിൽ വനിതയടക്കം രണ്ട് എൻജിനീയർമാർ മരിച്ചിട്ടുണ്ട്.
വഴികാട്ടിയത് ആദിവാസി മൂപ്പൻ
1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ് ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതാണ് ചരിത്ര നിർമ്മിതിയിലേക്കുള്ള വഴി തുറന്നത്. നായാട്ടിനിടയിൽ ആദിവാസി മൂപ്പനായ കരിവെള്ളായൻ കൊലുമ്പനെ അദ്ദേഹം കണ്ടുമുട്ടി. കൊലുമ്പനാണ് കുറവൻ കുറത്തി മലയിടുക്കിലൂടെ പെരിയാർ ഒഴുകുന്ന ആകർഷകമായ കാഴ്ച കാണിച്ച് കൊടുക്കുന്നത്. ഇവിടെ അണകെട്ടിയാൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിന് തോന്നി. ജോണിന്റെ സഹോദരന്മായ എൻജിനിയർമാരുടെ സഹായത്തോടെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തിരുവിതാംകൂർ സർക്കാർ തള്ളി. പിന്നീട് ഇറ്റലി സ്വദേശികളും ഈ ആശയവുമായി എത്തി. അവസാനം 1961ലാണ് കേന്ദ്ര ജലവൈദ്യുതി വകുപ്പിന് വേണ്ടി ഇവിടെ പഠനം നടത്തി അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 1963ൽ ഇതിന് അംഗീകാരം കിട്ടി. കനേഡിയൻ സർക്കാർ സഹായം കൂടി നല്കിയതോടെ പദ്ധതിയുടെ നടത്തിപ്പ് കെ.എസ്.ഇ.ബി ഏറ്റെടുത്തു.
രണ്ടാം പദ്ധതി പുരോഗമിക്കുന്നു
ഇടുക്കി പദ്ധതിയുടെ രണ്ടാമത് ഉത്പാദനനിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാംപദ്ധതിക്കുള്ള വിശദമായ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ ഏജൻസിയായ വാപ്കോസിനെയാണ് (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ്) ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ പവർഹൗസിന്റെ സ്ഥാനം, ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്നങ്ങൾ, നിർമാണ ചെലവ് തുടങ്ങി എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ടാണ് തയ്യാറാക്കേണ്ടത്. വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും പമ്പുചെയ്ത് റിസർവോയറിൽ എത്തിക്കുന്ന പദ്ധതിയും വാപ്കോസ് പഠനവിധേയമാക്കും. മൺസൂൺ സീസണുകളിൽ ഡാം നിറയുന്ന അവസരത്തിൽ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളിൽ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ കെ.എസ്.ഇ.ബിയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയായി ഇത് മാറും. 2500 കോടി രൂപയാണ് പദ്ധതി തുകയെന്നാണ് കണക്കാക്കുന്നത്.