ഇടുക്കി: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയ്ക്ക് രാജകുമാരി, ഉടുമ്പൻചോല പഞ്ചായത്തുകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറന്നു. രാജകുമാരി പഞ്ചായത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും ഉടുമ്പൻചോല പഞ്ചായത്തിൽ ചെമ്മണ്ണാർ സെന്റ് സേവിയേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഉടുമ്പൻചോല പഞ്ചായത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 100 രോഗികൾക്ക് താമസിക്കാനുള്ള സൗകര്യം സജ്ജികരിച്ചിട്ടുണ്ട്. രാജകുമാരിയിൽ നിലവിൽ 50 രോഗികൾക്കുള്ള ചികിത്സാ സൗകര്യം ഒരുക്കി. ആവശ്യമെങ്കിൽ 100 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യവും സ്‌കൂളിലുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു അറിയിച്ചു. കട്ടിൽ, കിടക്ക തുടങ്ങിയ ഭൗതിക സാഹചര്യങ്ങളൊരുക്കുന്നതിന് വിവിധ സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെയും വ്യാപാരികളുടെയും സഹായവും ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആരോഗ്യവകുപ്പ്, വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ എന്നിവർ സംയുക്തമായാണ് കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കിയത്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.