10 ദിവസത്തിനിടെ എത്തിയത് 18 പേർ മാത്രം
ഇടുക്കി: വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിലേക്ക് എത്തിയത് 18 പേർ മാത്രമാണ്. ആറ് രാജ്യങ്ങളിൽ നിന്നായി ഇടുക്കിയിലേക്ക് 14 പുരുഷൻമാരും 4 സ്ത്രീകളുമാണ് കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ വഴി മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇതിൽ എട്ട് പേരെ വീടുകളിലും ഏഴ് പേരെ പെയ്ഡ് ക്വാറന്റൈൻ സെന്ററിലും മൂന്ന് പേരെ സർക്കാർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ പാർപ്പിച്ചു.
ദുബായിൽ നിന്ന് ഏഴ് പുരുഷൻമാരും രണ്ട് സ്ത്രീകളുമടക്കം ഒമ്പത് പേരാണെത്തിയത്. ഇതിൽ നാല് പേരെ സ്വന്തം വീടുകളിലും മൂന്ന് പേരെ പുളിങ്കര, മുട്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലും രണ്ട് പേരെ ഉപ്പുതറ, പെരുമ്പള്ളിച്ചിറ എന്നിവിടങ്ങളിലെ സർക്കാർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിൽ താമസിപ്പിച്ചു.
ഒമാനിൽ (മസ്‌ക്കറ്റ്) നിന്ന് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണെത്തിയത്. ഇതിൽ രണ്ട് പേരെ സ്വന്തം വീടുകളിലും ഒരാളെ പീരുമേട്ടിലെ സർക്കാർ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിൽ പാർപ്പിച്ചു. ദോഹയിൽ നിന്നെത്തിയ പുരുഷനെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈൻ സെന്ററിൽ പാർപ്പിച്ചു. സൗദി അറേബ്യയിൽ (റിയാദ്) നിന്ന് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണെത്തിയത്. മൂവരെയും മുട്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചു.
ഷാർജയിൽ നിന്നുമെത്തിയ പുരുഷനെയും കുവൈറ്റിൽ നിന്നെത്തിയ പുരുഷനെയും സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇത് കൂടാതെ കുവൈറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതം തമിഴ്‌നാട് സ്വദേശികളായ പുരുഷൻമാരാണെത്തിയത്. നാല് പേരെയും കുമളി അതിർത്തിയിലെത്തിച്ച് തമിഴ്‌നാട് അധികൃതർക്ക് കൈമാറി.
നാട്ടിലെത്തിയവർ ഓരോ താലൂക്കിലും
തൊടുപുഴ- 11, ഇടുക്കി- 2, ഉടുമ്പൻചോല- 1, പീരുമേട്- 4
എയർപോർട്ടുകൾ
കൊച്ചി- 17, കോഴിക്കോട്- 1.