house

ശാന്തിഗ്രാം: ശക്തമായ മഴയിൽ റോഡരികിലെ കല്ലും മണ്ണും ഇടിഞ്ഞ് വീണ് വൃദ്ധയുടെ വീട് പൂർണമായി തകർന്നു. ശാന്തിഗ്രാം സെന്റ് മേരീസ് പള്ളിക്ക് സമീപം ഒറ്റയ്ക്ക് താസമിക്കുന്ന ഉള്ളാട്ട് മേരിയുടെ വീടാണ് തകർന്നത്.കനത്ത മഴയിൽ തടിയന്പാട്- ശാന്തിഗ്രാം റോഡിന്റെ അരിക് ഇടിഞ്ഞുവീഴുകയായിരുന്നു. കല്ലും മണ്ണും മേലേക്ക് പതിച്ച് വീട് തകരുകയായിരുന്നു. അപകടസാദ്ധ്യത മുന്നിൽകണ്ട് മേരി സമീപത്ത് താത്കാലികമായി നിർമിച്ച ഷെഡിലായിരുന്നു ആ സമയം കഴിഞ്ഞിരുന്നത്. അതിനാൽ ആളപായമുണ്ടായില്ല. ഇരട്ടയാർ പഞ്ചായത്തിൽ നിന്ന് ഇ.എം.എസ് ഭവനപദ്ധതിയിൽപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ഈ വീട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കടയെത്തി മേരിയെ മാറ്റിപാർപ്പിച്ചു. ശക്തമായ മഴ തുടർന്നാൽ റോഡിന്റെ ബാക്കി ഭാഗം കൂടി ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. അപകടകരമായ നിലയിൽ ഒരു വൈദ്യുതി പോസ്റ്റും ഇവിടെ നിൽക്കുന്നുണ്ട്. രാവിലെ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.