അന്വേഷണ സംഘം തമിഴ്‌നാട്ടിൽ
ലോക്ക് ഡൗണായതിനാൽ പുറത്തിറങ്ങാനാകുന്നില്ല

കട്ടപ്പന: കുന്തളംപാറയിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിൽ. ഇയാളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി തേനി ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിയെന്നു സംശയിക്കുന്ന അയൽവാസി തമിഴ്‌നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചിരുന്നു. ജൂൺ എട്ടിന് കാണാതായ കുരിശുപള്ളി കുന്തളംപാറ കോളനിയിലെ കുര്യാലിൽ അമ്മിണി(65) യെ കഴിഞ്ഞ 14ന് വീടിനു സമീപത്തെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റതായും വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കോളനിയിലെ മറ്റു താമസക്കാരിൽ നിന്നാണ് അയൽവാസിയായ പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ഇയാൾ ഒരുമാസമായി ഒളിവിലാണ്.
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ തേനി ഉൾപ്പെടെയുള്ള ജില്ലകൾ ലോക്ക് ഡൗണിലാണ്. രോഗഭീതിയെത്തുടർന്ന് പൊലീസിനു പുറത്തിറങ്ങി സ്വതന്ത്രമായി അന്വേഷിക്കാൻ കഴിയുന്നില്ല. കൂടാതെ എല്ലാവരും മുഖാവരണം ധരിച്ചിരിട്ടുള്ളതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ സൈബർ സെൽ വഴിയുള്ള അന്വേഷണവും കേസിൽ നടത്താനാകില്ല. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, എസ്.ഐമാരായ സന്തോഷ് സജീവ്, എം.എസ്. ഷംസുദീൻ, ബിനോയി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.