കട്ടപ്പന: ഏഴുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ ചോർന്നൊലിക്കുന്നു. ഡി.ഇ ഓഫീസിനായി അനുവദിച്ച ഹാളിലാണ് ചോർച്ച തുടങ്ങിയത്. ഒലിച്ചിറങ്ങിയ വെള്ളം ഹാളിൽ കെട്ടിനിൽക്കുകയാണ്. ഉദ്ഘാടനത്തിനുശേഷം എക്‌സൈസ് റേഞ്ച് ഓഫീസ്, എ.ഇ. ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഡി.ഇ. ഓഫീസ് മാറ്റാൻ നടപടികൾ ആരംഭിച്ചപ്പോഴാണ് ഹാൾ ചോർന്നൊലിക്കാൻ തുടങ്ങിയത്. ഇതോടെ ഓഫീസ് മാറ്റുന്ന നടപടികൾ താത്കാലികമായി നിർത്തിയിരിക്കുകയാണ്. കൂടാതെ ഡി.ഇ ഓഫീസിലെ ഫർണിച്ചറുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ 50,000ൽപ്പരം രൂപ ചെലവുവരും. ഇതും ഓഫീസ് മാറ്റാൻ തടസമാകുന്നു.
2014ൽ ആരംഭിച്ച സിവിൽ സ്റ്റേഷൻ നിർമാണം പലകാരണങ്ങളാൽ മുടങ്ങി 2019ലാണ് പൂർത്തീകരിച്ചത്. ഏഴുകോടി രൂപ ഉപയോഗിച്ചായിരുന്നു നിർമാണം. തുടർന്ന് 2019 ഡിസംബർ 10ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് വൈദ്യുതി കണക്ഷൻ ലഭ്യമാകാൻ തടസം നേരിട്ടതോടെ നാലുമാസത്തോളം കെട്ടിടം അനാഥമായിരുന്നു.