ഇടുക്കി: സമ്പർക്കരോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്ന വണ്ണപ്പുറം പഞ്ചായത്തിലെ നാല് വാർഡുകളിൽ ജില്ലാ കളക്ടർ ട്രിപ്പിൾ ലോക്ക്ഡൗൺ പ്റഖ്യാപിച്ചു. ഒന്ന്, രണ്ട്, നാല്, 17 എന്നീ വാർഡുകളിലാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. നേരത്തെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാർഡുകളാണിത്. അതോടൊപ്പം പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായും വിജ്ഞാപനം ചെയ്തു. ഈ വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇന്നു രാവിലെ ആറു മുതൽ ഏഴുദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ഡൗൺ. ആശുപത്രികൾ, പാചകവാതകം, പെട്രോൾ ബങ്കുകൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ അത്യാവശ്യങ്ങൾക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ ഈ വാർഡുകൾക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും മിൽക്ക് ബൂത്തുകൾക്കും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കാം. ദീർഘദൂര വാഹനങ്ങൾ ഒരുകാരണവശാലും ഈ സ്ഥലപരിധികളിൽ നിറുത്താൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കരുണാപുരം പഞ്ചായത്തിലെ 14-ാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

മറ്റ് കണ്ടെയിൻമെന്റ് സോണുകൾ

• കരുണാപുരം- 1, 2
• വാത്തിക്കുടി- 11, 14
• രാജാക്കാട് എല്ലാ വാർഡുകളും
• ചിന്നക്കനാൽ- 3, 10
• കാഞ്ചിയാർ- 11, 12
• അയ്യപ്പൻകോവിൽ- 1, 2, 3
• ഉപ്പുതറ- 1, 6, 7
• ഉടുമ്പൻചോല- 2, 3
• കോടിക്കുളം- 1, 13
• ബൈസൺവാലി- 8
• പീരുമേട്- 13
• സേനാപതി- 9
• മരിയാപുരം- 5, 10, 11
• വണ്ണപ്പുറം- 1, 17
• മൂന്നാർ- 19
• കഞ്ഞിക്കുഴി എല്ലാ വാർഡുകളും
• വാഴത്തോപ്പ് എല്ലാ വാർഡുകളും
• നെടുങ്കണ്ടം- 3