തൊടുപുഴ: മുള്ളരിങ്ങാട് മേഖലയിൽ കൊവിഡ് രോഗവ്യാപനമുണ്ടായതിന് ഉത്തരവാദി ജില്ലാ കളക്ടറാണെന്ന് യാക്കോബായ സഭ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ കളക്ടർ അമിത ആവേശം കാട്ടി. ഇടവകയിലെ എല്ലാ യാക്കോബായ വിശ്വാസികളും ഓർത്തഡോക്സ് വികാരിയ്ക്ക് ആരാധനയ്ക്കുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കാമെന്ന് കളക്ടറെ അറിയിച്ചതാണ്. ഇപ്പോൾ പള്ളി കൈമാറുന്ന നടപടിയുമായി മുന്നോട്ടുപോകരുതെന്ന് വണ്ണപ്പുറം പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠേന ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും നിവേദനവും നൽകിയിരുന്നു. ഈ അപേക്ഷയ്ക്ക് കടലാസിന്റെ വിലപോലും കൊടുക്കാതെ നൂറുകണക്കിന് പൊലീസുകാരെ അണിനിരത്തി പള്ളി കൈമാറിയത് മൂലമാണ് പ്രദേശത്ത് കൊവിഡ് വ്യാപനമുണ്ടായത്. ഈ സാഹചര്യത്തിൽ കളക്ടർക്കെതിരെയും ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുക്കണമെന്നും ഉത്തരവാദികളായവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി അടിയന്തരമായി അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ,​ അൽമായ ട്രസ്റ്റി കമാണ്ടർ സി.കെ. ഷാജി ചൂണ്ടയിൽ,​ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവലിയാർ കെ.ഒ. ഏലിയാസ്,​ സാജൻ നെടിയശാല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.