തൊടുപുഴ: മാർക്കറ്റിൽ കൊവിഡ്- 19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പരശോധനകളും കർശനമാക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ ആവശ്യപെട്ടു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് തൊടുപുഴ മാർക്കറ്റിൽ വന്ന് പോകുന്നത്. ചരക്കുകൾ ഇറക്കിയ ശേഷവും പല വാഹനങ്ങളും അതിലെ തൊഴിലാളികളും പകൽ അന്തയോളം തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ചുറ്റി കറങ്ങി നടന്ന ശേഷമാണ് തിരിച്ചു പോകുന്നത്. മാർക്കറ്റ് ദിവസങ്ങളിൽ പുലർച്ചെ മൂന്നു മുതൽ 10 വരെ ആയിരകണക്കിന് ആളുകളും ചെറു വാഹനങ്ങളുമാണ് വരുന്നത്. മറ്റ് ജില്ലകളിൽ നിന്നും അതുപോലെ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനായി ആളുകൾ എത്തിചേരുന്നുണ്ട്. ഇതിൽ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ നിന്നും ആളുകൾ വന്നു പോകുന്നത് ഏറെ ആശങ്ക ഉണ്ടാക്കുകയാണ്. ചില മൊത്ത വ്യാപാരികൾ കൊവിഡ്- 19 മാനദണ്ഡങ്ങൾ ഞങ്ങൾക്ക് ബാധകമല്ലെന്ന നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. സാമൂഹിക അകലം, മാസ്‌ക് ധരിക്കുന്ന കാര്യം ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. മുൻസിപ്പൽ അധികൃതരും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിക്കാതെ ആരുടെയോ താത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
മാർക്കറ്റിലെ നൂറു കണക്കിന് തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളും വലിയ ആശങ്കയിലാണെന്നും സലിംകുമാർ പറഞ്ഞു.