വെള്ളിയാമറ്റം:ഭൂഗർഭജലം ഉപയോഗപ്പെടുത്തി കിണറുകളും കുളങ്ങളുമുൾപ്പടെ ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതി വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഭൂഗർഭ ജവവകുപ്പ്, ഹരിതകേരളം എന്നിവ സംയുക്തമായാണ് സമ്പൂർണ്ണ കിണർ,കുളം റീച്ചാർജിംഗ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്തിലെ സ്വകാര്യ,പൊതുമേഖലയിലെ എല്ലാ കിണറുകളുടെയും കുളങ്ങളുടെയും വിവരശേഖരണം പൂർത്തിയായി.
മാതൃകാ പദ്ധതിയെന്ന നിലയിലാണ് വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിജയകരമെന്ന് കണ്ടാൽ പദ്ധതി മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് ഇതു സംബന്ധിച്ചു നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു.1455 സ്വകാര്യ കിണറുകളും 18 പൊതു കിണറുകളുമാണ് വെള്ളിയാമറ്റം പഞ്ചായത്തിലുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് .ഷീബ രാജശേഖരൻ പറഞ്ഞു.പൊതു കിണറുകളും കുളങ്ങളും ഭൂഗർഭജലവകുപ്പ് നേരിട്ടാണ് റീ ചാർജ് ചെയ്യുക. മറ്റുള്ളവ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തും.ഇതിനാവശ്യമായ എല്ലാ സാങ്കേതിക സഹായവും ഭൂഗർഭജലവകുപ്പ് നൽകും. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം ഹരിതകേരളം നിർവ്വഹിക്കും.തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നിരവധി കിണറുകൾ പഞ്ചായത്തിലാകെ നിർമ്മിച്ച് വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് മാതൃക കാട്ടിയിരുന്നു. ഈ നേട്ടമാണ് സമ്പൂർണ്ണ റീ ചാർജ്ജിംഗ് പദ്ധതി നടപ്പാക്കുന്നതിന് പൈലറ്റ് പഞ്ചായത്തായി തിരഞ്ഞെടുക്കാൻ വെള്ളിയാമറ്റത്തിന് അവസരമൊരുക്കിയത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് സി തോമസ്,ടെക്നിക്കൽ അസിസ്റ്റന്റ് പ്രശാന്ത്, ഭൂഗർഭ ജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. വി ബി വിനയൻ, ഹൈഡ്രോളജിസ്റ്റ് എ എസ് സുധീർ, ഹരിതകേരളം പ്രതിനിധി സി എ സജീവൻ സംബന്ധിച്ചു.