ഇടുക്കി : ഉടുമ്പൻചോല ഹൈടെക് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ജില്ലയിലെ ആദ്യത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ എന്ന പ്രത്യേകത കൂടിയുണ്ട് ഉടുമ്പൻചോല പൊലീസ് സ്റ്റേഷന്. കഴിഞ്ഞവർഷം പുതിയതായി പ്രവർത്തനം ആരംഭിച്ച സ്റ്റേഷനാണ് പുതിയ ഹൈടെക്ക് മന്ദിരത്തേലേയ്ക്ക് മാറുന്നത്. 1.38 കോടി രൂപ മുടക്കിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ തുടങ്ങിയപ്പോൾ പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം പഞ്ചായത്താണ് ഒരുക്കിയത്. 1936ൽ ഐക്യകേരളത്തിനു മുൻപ് ഉണ്ടായിരുന്ന ഉടമ്പൻചോല പൊലീസ് സ്റ്റേഷൻ 1984ൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനായി മാറ്റുകയായിരുന്നു. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം നവീകരിച്ചാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുതിയ സ്റ്റേഷൻ ഉടുമ്പൻചോലയിൽ വീണ്ടും ആരംഭിച്ചത്.ഉടുമ്പൻചോലയിൽ നടന്ന പ്രാദേശിക യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി , ഉടുമ്പൻചോല ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സുനിൽ കുമാർ, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കാഞ്ഞിരക്കോണം, മൂന്നാർ ഡിവൈ എസ്.പി എം. രമേഷ് കുമാർ തുടങ്ങിയവർപങ്കെടുത്തു.
ഹൈടെക് പൊലീസ് സ്റ്റേഷൻ@ ഉടുമ്പൻചോല
ഹൈടെക്ക് സ്റ്റേഷനായി മാറിയതോടെ പരാതി പരിഹാരത്തിനും ജീവനക്കാർക്കുമായി നിരവധി ആധുനിക സൗകര്യങ്ങളാണ് സ്റ്റേഷനിൽ സജ്ജികരിച്ചിട്ടുളളത്. ഓൺലൈനിലൂടെ പരാതി നൽകാം, കേസിന്റെ വിവരങ്ങൾ അറിയുന്നതിന് ഡിജിറ്റൽ സംവിധാനം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ലോക്കപ്പുകൾ, ഹെൽപ് ഡെസ്‌ക്, മിനി കോൺഫറൻസ്ഹാൾ, ജീവനക്കാർക്കുള്ള വിശ്രമമുറി, ഫയൽ മുറി, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, സ്റ്റഷനിൽ എത്തുന്ന ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യം, കുടിവെള്ളം, ഡിജിറ്റൽ ഡിസ്‌പ്ലേ, ടി.വി, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങി 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരു നിലകളിലായി നിരവധി സൗകര്യങ്ങളാണ് ഉടുമ്പൻചോല ഹൈടെക്ക് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.