ഇടുക്കി: കൊവിഡ്19 വ്യാപനം ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചിരുന്നത് നാടുകളിലേക്കും ഗ്രാമങ്ങളിലേക്കുംഅയൽപക്കങ്ങളിലേക്കും അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വ്യാപന നിരക്ക് ഉയരുന്നതിനുളള സാധ്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകളിൽ നിന്നും മനസ്സിലാക്കേണ്ടത്. സമൂഹ വ്യാപനം / സൂപ്പർ സ്‌പ്രെഡ് പോലെയുളള ഉയർന്ന കൊവിഡ് വ്യാപനം ഉണ്ടാകുന്ന ഘട്ടങ്ങളിൽ നിലവിലുളള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്നതായാണ് മനസ്സിലാക്കുന്നതെന്ന് ജില്ലാകലക്ടർ എച്ച് ദിനേശൻ പറഞ്ഞു.അത്തരം സന്ദർഭങ്ങളിൽ ആവശ്യമായ പരിചരണവും ചികിത്സയും നൽകുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറാക്കി വരികയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലെ കരുതലിന്റെ ഈ ഉത്തരവാദിത്വം വിജയകരമായി നിർവ്വഹിക്കുവാൻ കഴിയൂ. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും ഏറ്റവും കുറഞ്ഞത് നൂറുപേർക്കെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സാധന സാമഗ്രികൾ ലഭ്യമാക്കണമെന്ന് പൊതുജനങ്ങളോട് കളക്ടർഅഭ്യർത്ഥിച്ചു.