അയ്യപ്പൻകോവിൽ: കൊവിഡ് ബാധിച്ച് മരിച്ച അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ പുല്ലുമേട് സ്വദേശിയുടെസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കള്ള പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു പറഞ്ഞു. പുല്ലുമേട് സ്വദേശി നാരായണൻ ജൂലൈ 14 ന് കുടുംബ സമേതം തമിഴ്നാട്ടിൽ നിന്നും കാറിൽ പുല്ലുമേട്ടിലെ വീട്ടിലെത്തി നിരീക്ഷണത്തിൽ ഇരിക്കവെ സ്രവപരിശോധന നടത്തുകയും കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാരായണന്റെ രോഗം ഗുരുതരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരണമടയുകയും ചെയ്തു. തുടർന്ന് കളക്ടർ അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ട് നാരായണന്റെ മൃതദേഹം പഞ്ചായത്തിന്റെ പൊതു ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌ക്കരിക്കണമെന്ന് നിർദ്ദേശം നൽകി. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പുല്ലുമേട് പൊതുശ്മശാനത്തിൽ സംസ്‌ക്കരിക്കാൻ തീരുമാനിച്ചു. ജെസിബി കൊണ്ടു വന്ന് ശ്മശാനത്തിൽ കുഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പാറക്കെട്ട് നിറഞ്ഞ സ്ഥലമായതിനാൽ അതിന് സാധിച്ചില്ല. തുടർന്ന് പഞ്ചായത്തിന്റെ പച്ചക്കാട്ടിലുള്ള പൊതുശ്മശാനത്തിൽ സംസ്‌ക്കരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുകയായിരുന്നു. ആഴത്തിലുള്ള കുഴിയെടുക്കുകയും മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും പൊലീസും പരിശോധന നടത്തിയതിന് ശേഷമാണ് മൃതദേഹം സംസ്‌ക്കരിച്ചത്. മരിച്ചയാളുടെ പേരിലുള്ള പുല്ലുമേട്ടിലെ സ്ഥലം റോഡിൽ നിന്നും വളരെ അകലെയും വഴി ഇല്ലാത്തതുമായ പ്രദേശത്താണ്. ചിലർ കള്ളപ്രചരണം നടത്തുകയാണെന്നും കുഴിക്ക് താഴ്ച്ചയില്ലെന്നും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.