അഞ്ച് ദിവസത്തിനിടെ 42 പേർക്ക് കൊവിഡ്
തൊടുപുഴ: സൂപ്പർ സ്‌പ്രെഡിലേക്കെന്ന സൂചന നൽകി വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അഞ്ച് ദിവസത്തിനിടെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വരെ 21 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന ലെ ഒറ്റ ദിവസംകൊണ്ട് ഇത് ഇരട്ടിയായി. 18നായിരുന്നു പ്രദേശത്ത് ആദ്യമായി പഴംവിതരണക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പനിക്ക് മരുന്ന് വാങ്ങാൻ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപട്ടികയിലുള്ളവരാണ് ബാക്കി രോഗം സ്ഥിരീകരിച്ചവരെല്ലാം. അഞ്ഞൂറിലേറെ പേർ പ്രദേശത്ത് നിരീക്ഷണത്തിലുണ്ട്. വണ്ണപ്പുറം പഞ്ചായത്ത് അംഗമടക്കം കൊവിഡ് ബാധിച്ചു.
പള്ളിക്കൈമാറ്റം വിവാദത്തിൽ
കഴിഞ്ഞ 10ന് മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറിയ സംഭവം വിവാദത്തിൽ. പള്ളി കൈമാറ്റ സമയത്ത് പൊലീസുകാരടക്കം നൂറുകണക്കിന് പേരാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. നാട്ടുകാർക്കൊപ്പം കൊവിഡ് ബാധിതനായ ഇയാളും ഉണ്ടായിരുന്നു. മുള്ളരിങ്ങാട് യാക്കോബായ വിഭാഗം പുതിയതായി നിർമ്മിച്ച പള്ളി പണിക്കും രോഗം സ്ഥീരീകരിച്ചയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതെ തുടർന്നാണ് പ്രദേശത്ത് രോഗം വ്യാപിച്ചത്. പള്ളിക്കൈമാറ്റം മാറ്റിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് പഞ്ചായത്ത് ഭരണസമിതിയും യാക്കോബായ സഭയും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയോട് സമയം നീട്ടി ചോദിച്ചിട്ട് നൽകിയില്ലെന്നും കോടതി ജില്ലാ ഭരണകൂടത്തെ വിമർശിച്ചെന്നുമാണ് കളക്ടറുടെ വിശദീകരണം.