ഇടുക്കി: വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുക, അവരെ ആഗോളസാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾക്ക് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്‌കിൽ അക്വിസ്റ്റിഷൻ പ്രോഗ്രാം (അസാപ്) കേരളത്തിലെ ബിരുദ വിദ്യാർത്ഥികൾക്കായി അതിനൂതന പരിശീലന പദ്ധതിയായ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (എ.ഐ.എം.എൽ.) ഡെവലപ്പർ' എന്ന കോഴ്സ് ആരംഭിക്കുന്നു. എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കും എം.സി.എ. ഒന്നാം വർഷ വിദ്യാർത്ഥികൾക്കും കോഴ്സിന് അപേക്ഷിക്കാം. ചെറിയ ഭേദഗതികളോടെ ഈ കോഴ്സ് ബിരുദപഠനം കഴിഞ്ഞവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും ലഭ്യമാണ്. അഞ്ചാം തലമുറ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്ന നൂതന സാങ്കേതിക വിദ്യയായ 'നിർമ്മിതബുദ്ധി' അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് റോബോട്ടുകളെയും ഓട്ടോമേഷൻ, ഗെയ്മിംഗ്, സ്പീച്ച് റെക്കഗ്നീഷൻ തുടങ്ങിയ സാങ്കേതികതകളും രൂപപ്പെടുത്തുന്നത്.. 776 മണിക്കൂറുള്ള പരിശീലനത്തിൽ 400 മണിക്കൂർ വിവിധ സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള പ്രോജക്ടാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്.പരിശീലനത്തിന്റെ കോഴ്സ് ഫീസ് 35000 രൂപയാണ്. ഇത് മൂന്നു തവണകളായി അടയ്ക്കാം. പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം നൽകുന്നത്. പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ഫീസിന്റെ 50 ശതമാനം സർക്കാർ സ്‌കോളർഷിപ്പായി നൽകും. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്‌കീം ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് (സി.ജി.എഫ്.എസ്.എസ്.ഡി.) പദ്ധതിയിലൂടെ കോഴ്സ് ഫീസ് ലോണായി ലഭ്യമാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി അസാപ്പിന്റെ ജില്ലാഘടകങ്ങളിൽ പ്രവർത്തിക്കുന്ന എ.എസ്.ഡി.സി ഓഫീസിൽ ബന്ധപ്പെടണം: ഫോൺ നമ്പർ : 9567055594 / 7907020249.