 ഒറ്റ ദിവസം 63 രോഗികൾ  55 സമ്പർക്കം വഴി

തൊടുപുഴ: ഇടുക്കിയിൽ സമൂഹവ്യാപനം അകലെയല്ലെന്ന് മുന്നറിയിപ്പ് നൽകി ഇന്നലെ മാത്രം 63 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ 55 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നതെന്ന് ഞെട്ടിപ്പിക്കുന്നതാണ്. ആകെ രോഗബാധിതരുടെ കാര്യത്തിലും സമ്പർക്ക രോഗികളുടെ കാര്യത്തിലും ജില്ലയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. സമ്പർക്ക രോഗികളിൽ രണ്ടു പേരുടെ ഉറവിടമറിയില്ല.
അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം പകർന്നിട്ടുണ്ട്. മൂന്നുപേരും ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ്. രാജാക്കാട്ടെയും കരിങ്കുന്നത്തെയും ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം പ്രവർത്തകരും രോഗം പിടിപെട്ടവരിൽ ഉൾപ്പെടുന്നു. വണ്ണപ്പുറം, രാജാക്കാട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി, സേനാപതി പഞ്ചായത്തുകളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടയെല്ലാം സമ്പർക്ക രോഗികളുടെ എണ്ണം ഓരോദിവസവും കൂടി വരികയാണ്. ആശങ്കകൾക്കിടയിലും 22 പേർ മുക്തരായത് നേരിയ ആശ്വാസമായി.


 മുള്ളരിങ്ങാട്ടിൽ മാത്രം 21 പേർക്ക്
വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് വൈറസ്ബാധ സ്ഥിരീകരിച്ച 21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 16 പേരും എറണാകുളത്ത് നിന്ന് വന്ന വണ്ണപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇയാളിൽ നിന്ന് രോഗം പകർന്നയാളുടെ സമ്പർക്ക പട്ടികയിലുള്ള നാല് പേർക്കും രോഗം പകർന്നിട്ടുണ്ട്. ഒരു വയസുള്ള രണ്ട് കുട്ടികൾക്കും മൂന്ന് വയസുള്ള മറ്റൊരു കുട്ടിക്കും രോഗമുണ്ട്.


 വിറങ്ങലിച്ച് ജില്ലാ ആസ്ഥാനം
ജില്ലാ ആസ്ഥാനത്തും സമീപ പഞ്ചായത്തുകളിലുമായി 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സപ്ലൈക്കോ ജീവനക്കാരിയായ മണിയാറൻകുടി സ്വദേശിനിയുടെ(57) ഉറവിടമറിയില്ല. പൈനാവിൽ 90 വയസുകാരിയുൾപ്പെടെ നാല് പേർക്കാണ് രോഗം. ഒരാളിൽ നിന്നാണ് നാല് പേർക്കും പകർന്നിരിക്കുന്നത്. ചെറുതോണിയിലെ 60 വയസുകാരിയുൾപ്പെടെ മൂന്ന് പേർക്കും ഇവരിൽ നിന്ന് തന്നെയാണ് പകർന്നത്. കഞ്ഞിക്കുഴിയിലും ഒരാളിൽ നിന്ന് മൂന്ന് പേർക്ക് പകർന്നു. വാത്തിക്കുടിയിലും കൊന്നത്തടിയിലും ഓരോ സമ്പർക്ക രോഗികൾ വീതമുണ്ട്.

 രാജാക്കാട് ഒമ്പത്; സേനാപതി നാല്
ആരോഗ്യ പ്രവർത്തകൻ ഉൾപ്പടെ രാജാക്കാട് പഞ്ചായത്തിൽ ഒമ്പത് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. സമീപ പഞ്ചായത്തായ സേനാപതിയിൽ ഉറവിടമറിയാത്ത ഒരാളടക്കം നാല് സമ്പർക്ക രോഗികളുണ്ട്. ഇതിൽ ഉറവിടമറിയാത്തയാൾ രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്നയാളാണ്.

 അടിമാലി, മൂന്നാർ രണ്ട് വീതം
അടിമാലിയിലെയും മൂന്നാറിലെയും രണ്ട് പേർക്ക് വീതം സമ്പർക്കത്തിലൂടെ രോഗം പകർന്നു. ടാറ്റാ ടീ ജനറൽ ആശുപത്രിയിലെ ജീവനക്കാരന്റെ ബന്ധുക്കാളായ സ്ത്രീകളാണ് മൂന്നാറിൽ രോഗം പകർന്ന രണ്ടുപേരും.

വിദേശത്ത് നിന്ന്
 ജൂലായ് ആറിന് ദോഹയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (38)

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
 ജൂലായ് 11ന് ബംഗളൂരുവിൽ നിന്ന് വന്ന അടിമാലി സ്വദേശി (33)
 ജൂലായ് 21ന് കമ്പത്ത് നിന്ന് വന്ന കുമളി സ്വദേശികളായ ആറംഗ കുടുംബം. രണ്ട് പുരുഷൻമാരും (16, 63), നാല് സ്ത്രീകളുമാണ് (12, 12, 19, 59) രോഗബാധിതരായത്.