ഇടുക്കി: 'ഞാനൊടുവിൽ നേടിയെടുത്തു, അന്തസോടെ ജീവിക്കാനുള്ള അവകാശം"... ദളിത് വിദ്യാർത്ഥകൾക്ക് അർഹതപ്പെട്ട സൗജന്യ ലാപ്ടോപ് നൽകാത്ത പഞ്ചായത്തിനെതിരെ ഹൈക്കോടതിൽ പോയി വിജയം നേടിയ നെടുങ്കണ്ടം ഇല്ലിക്കാനത്ത് വടക്കേത്ത് വീട്ടിൽ അനഘ ബാബുവിന്റെ വാക്കുകൾ. രണ്ട് വർഷം നീണ്ട നിഷേധത്തിന്റെയും പോരാട്ടത്തിന്റെയും സാക്ഷ്യം.
2018ൽ അനഘ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ പി.ജി സോഷ്യോളജി പഠിക്കുമ്പോഴാണ് ലാപ്‌ടോപ് ആവശ്യമായി വന്നത്. എസ്.സി- എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ലാപ്‌ടോപ്പിനായി അനഘയും ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ അനുജത്തി ആർദ്രയും പഞ്ചായത്തിൽ അപേക്ഷ നൽകി. പ്രൊഫഷണൽ കോഴ്സല്ലെന്ന പേരിൽ അനഘയെ ആദ്യമേ പഞ്ചായത്ത് ഒഴിവാക്കി. അർഹതാ ലിസ്റ്റിൽ ആർദ്രയുടെ പേര് ഒന്നാമതായി വന്നു.
ഒരെണ്ണമെങ്കിലും കിട്ടുമല്ലോയെന്ന ആശ്വാസത്തിലായിരുന്നു സഹോദരിമാർ. എന്നാൽ പി.ജിയും 'നെറ്റും' പാസായിട്ടും ലാപ്ടോപ് മാത്രം കിട്ടിയില്ല. 2018ലും 2019ലും പ്രളയം കാരണമാണ് വൈകുന്നതെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതർ ഈ വർഷം കൊവിഡിനെയാണ് കൂട്ടുപിടിച്ചത്. ഇതോടെ ഇരുവരുടെയും ഓൺലൈൻ പഠനവും മുടങ്ങി. അനഘ സുഹൃത്തിന്റെ പഴയൊരു ലാപ്‌ടോപ്പിലാണ് പി.ജി ഡെസേർട്ടേഷൻ പൂർത്തിയാക്കിയത്. അത് കേടായി വർക്ക് മുടങ്ങി കരഞ്ഞുവെളുപ്പിച്ച രാത്രികളുണ്ടെന്ന് അനഘ പറയുന്നു.
എന്നാൽ തോറ്റുമടങ്ങാൻ കൂട്ടാക്കാതെ അനഘ 'ദിശ' എന്ന സംഘടനയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു. അഞ്ചാഴ്ചയ്ക്കകം ലാപ്‌ടോപ് നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പുമായി പഞ്ചായത്തിലേക്ക് പോയ അമ്മയെയും സഹോദരിയെയും അധികൃതർ പരിഹസിച്ച് തിരിച്ചയച്ചു. 'കേസു കൊടുക്കാൻ പണമുള്ളവർ സ്വന്തമായി ലാപ്‌ടോപ് വാങ്ങിയാൽ പോരെ' എന്നായിരുന്നു ചോദ്യം.
ഇനിയും അപമാനിതരാവാൻ വയ്യെന്ന് പറഞ്ഞ് അനഘ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായി. പല സംഘനടകളും വ്യക്തികളും ലാപ്ടോപ് വാഗ്ദാനം ചെയ്തെങ്കിലും അർഹമായത് തന്നെ കിട്ടണമെന്ന വാശിയിലായിരുന്നു അനഘ. ഒടുവിൽ പഞ്ചായത്ത് മുട്ടുമടക്കി. വ്യാഴാഴ്ച ആർദ്രയ്ക്കും ഇന്നലെ അനഘയ്ക്കും ലാപ്ടോപ് എത്തിച്ചുനൽകി.
ലാപ്ടോപ് കിട്ടാൻ രണ്ട് മാർഗം
ദളിത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിക്കുന്ന രണ്ട് സർക്കാർ പദ്ധതികളുണ്ട്. പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നൽകുന്നതും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നൽകുന്നതും.
ആദ്യത്തേത് ഡിഗ്രി തലത്തിൽ കമ്പ്യൂട്ടർ ഏതെങ്കിലും വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾ, പോളിടെക്നിക് കമ്പ്യൂട്ടർ വിദ്യാർത്ഥികൾ, ബി.ടെക്, എം.ബി.ബി.എസ്, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിൾ എന്നിവർക്കുള്ളത്. വിദ്യാഭ്യാസ സ്ഥാപനം വഴി അപേക്ഷിക്കണം. പരമാവധി 25,000 രൂപ ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിക്കാൻ ഏതു ക്ളാസിലെ വിദ്യാർത്ഥിക്കും അപേക്ഷിക്കാം. എത്ര രൂപ നൽകണമെന്ന് അതത് ഭരണസമിതിക്ക് തീരുമാനിക്കാം. പട്ടികജാതി ക്ഷേമ ഗ്രാന്റിൽ നിന്ന് തുക കണ്ടെത്താം. എന്നാൽ, ഐ.ടി വകുപ്പിന്റെ നിർദേശാനുസരണം കെൽട്രോൾ വഴിയേ ലാപ്ടോപ് വാങ്ങാൻ കഴിയൂ. ഈ നടപടിക്രമം കാരണം കിട്ടാൻ വൈകുന്നുണ്ട്.