 
മൂലമറ്റം: രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിൽ തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇതുവരെ നന്നാക്കാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ല. അറക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന മൈലാടിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിൽ തകർന്നത്. തൊടുപുഴ- മൂലമറ്റം- ഇടുക്കി ഭാഗത്തേക്ക് പോകാനുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം. ഇതിന് സമീപം മറ്റ് കടകളോ വീടുകളോ ഇല്ലാത്തത് ഇവിടെയെത്തുന്ന യാത്രക്കാരെ ഏറെ കഷ്ടത്തിലാക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ മഴയത്തു ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. മഴക്കാലത്ത് ഒന്ന് കയറി നിൽക്കാൻ ഇവിടെ മറ്റ് യാതൊരു സൗകര്യവും ഇല്ല. രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിൽ പുറക് വശം ഇടിഞ്ഞ് പോയാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്.